ലണ്ടന്‍:  ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. കോലി മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ലോകത്തെ ഏറ്റവും മോശം റിവ്യൂവറാണെന്ന് വോണ്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു വോണിന്റെ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ കോലി എടുത്ത രണ്ട് ഡി.ആര്‍.എസ്സും തെറ്റായിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ ട്വീറ്റ്. 

പത്താം ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിനെതിരെയാണ് കോലി ആദ്യം റിവ്യൂ കൊടുത്തത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യുവിനാണ് ഇന്ത്യ റിവ്യൂ കൊടുത്തത്. എന്നാല്‍ അത് ഔട്ടായിരുന്നില്ല. 12-ാം ഓവറിലെ അവസാന പന്തില്‍ അലെസ്റ്റയര്‍ കുക്കിനെതിരെയായിരുന്നു രണ്ടാം റിവ്യൂ. ജഡേജ തന്നെയായിരുന്നു ബൗളര്‍. അവിടേയും ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം കോലി പുന:പരിശോധിച്ചു. അതും തെറ്റായിപ്പോയി. ഇതോടെ രണ്ട് റിവ്യൂ അവസരങ്ങള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. 

എന്നാല്‍ മൈക്കല്‍ വോണ്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യന്‍ ക്യാപ്റ്റനേക്കാള്‍ മോശമാണെന്നും അക്കാര്യം മൈക്കല്‍ വോണ്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ആരാധകര്‍ മറുപടി നല്‍കി. 

Content Highlights: Michael Vaughan On Virta Kohli DRS