എഡ്ജ്ബാസ്റ്റണ്‍: വിരാട് കോലി ഫോമിലാണെങ്കില്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ ബൗളര്‍മാര്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. നാട്ടിലാണെങ്കിലും വിദേശ പിച്ചിലാണെങ്കിലും ആരാധകരെ തന്റെ ബാറ്റിങ് കൊണ്ട് കോലി ത്രസിപ്പിക്കാറുണ്ട്. ടിട്വന്റി, ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കോലിയെ എങ്ങിനെ മെരുക്കാം എന്നതു തന്നെയായിരിക്കും ഇംഗ്ലണ്ടിന് മുന്നിലെ പ്രധാന വെല്ലുവിളി.

ഇതിനായുള്ള തന്ത്രം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുന്നത് മറ്റാരുമല്ല, മുന്‍ ക്യാപ്റ്റനായ മൈക്കല്‍ വോണാണ്. ആക്രമിച്ചു കളിക്കുന്ന കോലിയെ ആക്രമിച്ചു തന്നെ നേരിടണമെന്നാണ് വോണിന്റെ ഉപദേശം.

'എഡ്ജ്ബാസ്റ്റണില്‍ കളിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിനുള്ള മുന്‍തൂക്കം. അവിടെ നമ്മള്‍ തോല്‍ക്കില്ല. ബ്രോഡും ആന്‍ഡേഴ്‌സണും ഈ ഗ്രൗണ്ടില്‍ ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ കോലിയെ ചലഞ്ച് ചെയ്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നിര്‍ബന്ധിതനാക്കണം. ഓഫ് സ്റ്റമ്പിന് പുറത്ത് വേണം പന്തെറിയാന്‍. അതിനിടയില്‍ ഒരു പന്ത് സ്‌ട്രൈറ്റായി ചെയ്യണം. അതോടെ കോലി ലൈനിന് കുറുകെ കളിക്കാന്‍ നിര്‍ബന്ധിതനാകും. ആ സമയം മുതലെടുക്കണം.'  മൈക്കല്‍ വോണ്‍ പറയുന്നു.

കോലി ഓഫ് സൈഡിലേക്ക് ഫ്രണ്ട് ഫൂട്ടില്‍ കയറി കളിക്കുമെന്നും അതോടെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നതില്‍ ആശങ്കയാകുമെന്നും ഈ സാഹചര്യത്തില്‍ കോലി ഔട്ട് സൈഡ് എഡ്ജായി പുറത്താകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറയുന്നു. ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇതുമുമ്പ് പരീക്ഷിച്ചിട്ടുണ്ടെന്നും വോണ്‍ വ്യക്തമാക്കുന്നു, 

Content Highlights: Michael Vaughan Message To England To Challenge Virat Kohli