സിഡ്‌നി:  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം എം.എസ് ധോനി ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ധോനി വിരമിക്കേണ്ട സമയമായി എന്നതാണ് ഏറ്റവും കൂടുതല്‍ കേട്ടത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നൊരു താരം ധോനിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മൈക്ക് ഹസി. 

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ബാറ്റിങ്ങിന് വേഗത കുറഞ്ഞെന്നു പറഞ്ഞ് ധോനിയെ എഴുത്തിള്ളാനാവില്ലെന്നും 2019 ലോകകപ്പില്‍ ധോനിയുടെ പരിചയസമ്പത്ത് ടീമില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുമെന്നും ഹസി വ്യക്തമാക്കി.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഡ്രസ്സിങ് റൂം പങ്കിട്ടവരാണ് ഹസിയും ധോനിയും. നിലവില്‍ ചെന്നൈയുടെ ബാറ്റിങ് പരിശീലകനാണ് ഓസിസ് താരം. ധോനി ഒരു ചാമ്പ്യന്‍ താരമാണെന്ന കാര്യത്തില്‍ ഹസിക്ക് സംശയമില്ല.

'അത് വെറും രണ്ട് ഇന്നിങ്‌സ് മാത്രമാണ്. ധോനി എങ്ങിനെയാണ് കളിക്കുക എന്ന് നമുക്കറിയില്ല? ഹസി ചോദിക്കുന്നു. ധോനിയുടെ വിക്കറ്റ് കീപ്പിങ് സ്‌കില്ലുകളും ഇന്നിങ്ങ്‌സ് ഫിനിഷ് ചെയ്യാനുള്ള കഴിവും പരിഗണിച്ചാല്‍ അദ്ദേഹത്തെ എഴുതിത്തള്ളാനാവില്ലെന്നും ഹസി അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ഏകദിനങ്ങളിലായി 37, 42 എന്നിങ്ങനെയായിരുന്നു ധോനിയുടെ സ്‌കോര്‍. ആ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. 

Content Highlights: Michael Hussey On MS Dhoni Cricket