കാന്‍ബറ: കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് എം.എസ് ധോനിയാണെന്ന് മുന്‍ ഓസീസ് താരം മൈക്ക് ഹസ്സി.

ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ റിക്കി പോണ്ടിങ്, എം.എസ് ധോനി എന്നീ ക്യാപ്റ്റന്‍മാരെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഹസ്സി. ദേശീയ ടീമിലും ഐ.പി.എല്ലിലുമായി ഇരുവര്‍ക്കും കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ച താരം കൂടിയാണ് അദ്ദേഹം.

പോണ്ടിങ്ങിനു കീഴില്‍ ഹസ്സി ഏഴു വര്‍ഷത്തോളം കളിച്ചു. 2007 ലോകകപ്പ്, 2006, 2009 ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളില്‍ പങ്കാളിയുമായി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരം കൂടിയായിരുന്നു ഹസ്സി.

പോണ്ടിങ് എപ്പോഴും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ്. സഹതാരങ്ങളെ 100 ശതമാനവും പിന്തുണയ്ക്കും. എന്തു കാര്യം ചെയ്യുമ്പോഴും അത്  മത്സരബുദ്ധിയോടെ കാണുന്നയാളാണ് പോണ്ടിങ്ങെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും മോശം നെറ്റ്സാണ് പരിശീലനത്തിന് നിങ്ങള്‍ക്ക് ലഭിച്ചതെന്നിരിക്കട്ടെ പോണ്ടിങ് അവിടെ യാതൊരു പരാതിയുമില്ലാതെ പരിശീലിക്കും. അവിടെ ആദ്യം പരിശീലനത്തിനെത്തി എല്ലാം ഓക്കെയാണെന്ന് ആദ്യം പറയുന്നതും പോണ്ടിങ്ങായിരിക്കും. ടീം അംഗങ്ങളെയെല്ലാം 100 ശതമാനവും പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. ധോനിയും പോണ്ടിങ്ങും തമ്മിലുള്ള ഏറ്റവും വലിയ സാമ്യത ഇതു തന്നെയാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു.

അതേസമയം ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോനി പോണ്ടിങ്ങിനേക്കാള്‍ അല്‍പ്പം മുന്നിലാണെന്നും ഹസ്സി പറഞ്ഞു. എം.എസ് പോണ്ടിങ്ങിനേക്കാള്‍ ശാന്തനാണ്. കളിയെ തന്ത്രപരമായി മനസിലാക്കിയെടുക്കുന്നതിലും ധോനി തന്നെയാണ് മുന്നില്‍. പോണ്ടിങ്ങും തന്ത്രശാലി തന്നെ, പക്ഷേ ധോനി കളത്തില്‍ നടപ്പാക്കുന്ന ചില നീക്കങ്ങള്‍ പോണ്ടിങ്ങില്‍ താന്‍ കണ്ടിട്ടില്ലെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

താരങ്ങളുടെ കൂടി സമ്മര്‍ദം ഇല്ലാതാക്കാനുള്ള കഴിവാണ് ധോനിയുടെ ഏറ്റവും വലിയ ഗുണമായി തനിക്ക് തോന്നിയിട്ടുള്ളതെന്നും ഹസ്സി പറയുന്നു. ഇന്ത്യയെ പോലെയുള്ള ഒരു സ്ഥലത്ത് അതൊട്ടും എളുപ്പമുള്ള കാരമല്ലെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

Content Highlights: Michael Hussey on differences and similarities between Ricky Ponting and MS Dhoni