സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ച പന്ത് ചുരണ്ടല്‍ വിവാദത്തിലെ പുതിയ വെളിപ്പെടുത്തതില്‍ ഒട്ടും അദ്ഭുതപ്പെടാതെ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്. പന്ത് ചുരണ്ടലിനെ കുറിച്ച് ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് ശിക്ഷിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലര്‍ക്കിന്റെ പ്രതികരണം. 

'ഇതില്‍ എന്താണ് ഇത്രമാത്രം അദ്ഭുതപ്പെടാനുള്ളത്? ശിക്ഷിക്കപ്പെട്ട മൂന്നു പേരില്‍ കൂടുതല്‍ താരങ്ങള്‍ ഇതിനെ കുറിച്ച് അറിഞ്ഞിരുന്നു എന്നതോ? ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും ക്രിക്കറ്റിനെ കുറിച്ച് അറിയുന്നവര്‍ക്കും പന്ത് ചുരണ്ടിയത് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് മൂന്നു പേരില്‍ കൂടുതല്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു എന്നതില്‍ അദ്ഭുതപ്പെടുന്നില്ല.' ക്ലര്‍ക്ക് പറയുന്നു.

2018-ല്‍ കേപ്ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലാണ് പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. മത്സരം അനുകൂലമാക്കാന്‍ വേണ്ടി ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്മിത്തും വാര്‍ണറും ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് മാറിനിന്നു. സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടു.

Content Highlights: Michael Clarke on Bancrofts ball tampering remarks