ബുലവായൊ: സിംബാബ്‌വെയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പര കിരീടം. ഫൈനലില്‍ സിംബാബ്‌വെ മുന്നോട്ടു വെച്ച 161 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 37.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 

സിംബാബ്‌വെയെ 36.3 ഓവറില്‍ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. സിംബാബ്‌വെയുടെ അഞ്ചു ബാറ്റ്‌സ്മാന്‍മാരെ രണ്ടക്കം കാണാതെ പുറത്താക്കിയ ബൗളര്‍മാര്‍ ലങ്കക്ക് ആധിപത്യം നല്‍കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡെര്‍സേയും അസെലെ ഗുണരതെയുമാണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. 

മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ കുസാല്‍ മെന്‍ഡിസും ഉപുല്‍ തരംഗയും ലങ്കയെ വിജയതീരത്തെത്തിക്കുകയായിരുന്നു. കുസാല്‍ മെന്‍ഡിസിനെ കളിയിലെ താരമായും പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു. ത്രിരാഷ്ട്ര പരമ്പരയിലെ മറ്റൊരു ടീം വെസ്റ്റിന്‍ഡീസായിരുന്നു. അവര്‍ ഫൈനല്‍ കാണാതെ നേരത്തെ തന്നെ പുറത്തായി. 

kusal mendis