ബ്രിസ്‌ബെയ്ന്‍: പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുന്ന കാര്യം മത്സര ദിവസമായ വെള്ളിയാഴ്ച തീരുമാനിക്കുമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്.

ടീമിന്റെ മെഡിക്കല്‍ സംഘം ബുംറയെ ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

ഇക്കാരണത്താല്‍ തന്നെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ തലേദിവസമായ വ്യാഴാഴ്ച ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

''മെഡിക്കല്‍ സംഘം ബുംറയുമായി പ്രവര്‍ത്തിക്കുകയാണ്. കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് അറിയാന്‍ നാളെ രാവിലെ വരെ കാത്തിരിക്കേണ്ടതായി വരും. അദ്ദേഹത്തിന് കളിക്കാനാകുമെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ അത് കൈകാര്യം ചെയ്യും.'' - മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്നി ടെസ്റ്റിനിടെ ഉദരഭാഗത്തേറ്റ പരിക്കാണ് ബുംറയ്ക്ക് വിനയായത്. സിഡ്നി ടെസ്റ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ബുംറയെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ വയറിന് പരിക്കറ്റതായി കണ്ടെത്തുകയായിരുന്നു.

ഫീല്‍ഡിങ്ങിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയ്ക്ക് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നിവര്‍ക്കൊപ്പം ഷാര്‍ദുല്‍ താക്കൂറോ ടി. നടരാജനോ കളിച്ചേക്കും.

Content Highlights: Medical team working with Jasprit Bumrah final call to be taken on match day