ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഈ നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് നിയമങ്ങളുടെ സൂക്ഷിപ്പുകാരായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി).

ഫൈനലിലെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയിരുന്നു. അമ്പയര്‍ ഈ പന്തില്‍ ആറു റണ്‍സ് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കളിയില്‍ വഴിത്തിരിവാകുകയും ചെയ്തു. ഇതോടെ ഓവര്‍ത്രോ നിയമത്തില്‍ മാറ്റം വരുത്തണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. 

ഗുപ്റ്റിലിന്റെ ഓവര്‍ത്രോയില്‍ അമ്പയര്‍ ധര്‍മസേന അഞ്ച് റണ്‍സ് മാത്രമാണ് അനുവദിക്കേണ്ടിയിരുന്നത് എന്ന വാദവുമായി ഐ.സി.സി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലും രംഗത്തെത്തിയിരുന്നു. 

എന്നാല്‍, ഈ നിയമത്തില്‍ എന്തു മാറ്റങ്ങളാണ് എം.സി.സി. വരുത്തുക എന്നത് സൂചനയില്ല. എം.സി.സി.യുടെ അടുത്ത നിയമ സബ്കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയാകും.

Content Highlights: MCC to review overthrow rules after Guptill-Stokes World Cup 2019 final incident