ലണ്ടന്‍:  ഇനി മുതല്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ എന്ന പ്രയോഗമില്ല. പകരം ബാറ്റര്‍ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങളുടെ അവസാന വാക്കായ മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) ആണ് തീരുമാനമെടുത്തത്. ക്രിക്കറ്റ് പരിഷ്‌കരണ സമിതി ആയ എം.സി.സി ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബ്ബുമാണ്.

പുരുഷന്‍മാര്‍ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ബാറ്റ്‌സ്മാന്‍ എന്ന വാക്ക് മതിയായിരുന്നെന്നും വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും എം.സി.സി വ്യക്തമാക്കി. 2017 മുതല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ബൗളര്‍, ഫീല്‍ഡര്‍ എന്നീ വാക്കുകള്‍ക്ക് സമാനമായാണ് ബാറ്റ്‌സ്മാന്‍ എന്ന വാക്ക് പരിഷ്‌കരിച്ച് ബാറ്റര്‍ എന്നാക്കിയത്. 

2017-ല്‍ ലോര്‍ഡ്‌സില്‍ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതാ ലോകകപ്പ് കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം കാണാനും എണ്‍പതിനായിരത്തോളം കാണികളെത്തിയിരുന്നു. 

ഇംഗ്ലണ്ടില്‍ അടുത്തിടെ സമാപിച്ച 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ ബാറ്റര്‍ എന്ന പദമാണ് ഉപയോഗിച്ചത്. തേര്‍ഡ് മാന്‍ എന്നതിന് പകരം തേര്‍ഡ് എന്നാണ് കമന്ററിയിലടക്കം പറഞ്ഞത്.

Content Highlights: MCC shifts from batsman to batter in Laws of Cricket