മുംബൈ: ടൂര്‍ണമെന്റുകള്‍ മാറുന്നു, ജേതാക്കളും മാറുന്നു. പക്ഷേ, റണ്‍നേട്ടത്തില്‍ ഒരാള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം റണ്ണുകള്‍കൊണ്ട് അമ്പരപ്പിക്കുകയാണ് കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ഫസ്റ്റ് ക്ലാസ്സിലും ഏകദിനത്തിലും ടി ട്വന്റിയിലും ഒരുപോലെ റണ്‍സ് അടിച്ചുകൂട്ടിയ മായങ്കിന്റെ പ്രകടനം മായയല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം.

സീസണില്‍ രഞ്ജി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഈ 27-കാരന്‍ ചൊവ്വാഴ്ച അവസാനിച്ച വിജയ് ഹസാരെ ട്രോഫിയിലും മികച്ച സ്‌കോറര്‍ എന്ന നേട്ടം സ്വന്തമാക്കി. ഒപ്പം, ഒട്ടാകെ 2141 റണ്‍സടിച്ച് ഒരു ആഭ്യന്തര സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനുമായി. 2015-16 സീസണില്‍ ഡല്‍ഹിക്കുവേണ്ടി 1947 റണ്‍സടിച്ച മലയാളി താരം ശ്രേയസ്സ് അയ്യരുടെ റെക്കോഡാണ് മായങ്ക് മറികടന്നത്.

ഇത്രയേറെ റണ്‍സടിച്ചിട്ടും ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് മായങ്കിനെ പരിഗണിച്ചില്ലെന്നതാണ് അദ്ഭുതം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പരിചയസമ്പന്നര്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ മായങ്കിനെ മറന്നത് മനസ്സിലാക്കാം, എന്നാല്‍ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഒരു പരീക്ഷണ ടീമിനെ ഇറക്കാന്‍ തീരുമാനിച്ചപ്പോഴും മായങ്കിന് അവസരം കിട്ടിയില്ല. മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യര്‍, കരുണ്‍ നായര്‍ തുടങ്ങിയ യുവതാരങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി നേരത്തേ അരങ്ങേറ്റം കുറിച്ചപ്പോള്‍ മായങ്കിന് ടീമില്‍ ഇടംകിട്ടിയില്ല.

രഞ്ജിയില്‍ 1160 റണ്‍സടിച്ചതില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും (304 നോട്ടൗട്ട്) അഞ്ച് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറിയുമുണ്ട്. 14 ഇന്നിങ്സില്‍ 912 റണ്‍സടിച്ച വിദര്‍ഭ താരം ഫായിസ് ഫസലാണ് രണ്ടാമതുള്ളത്. ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെയില്‍ എട്ട് ഇന്നിങ്സില്‍ 723 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമുണ്ട്. രണ്ടാമതുള്ള ആന്ധ്രയുടെ ശിഖര്‍ ഭരത് എട്ട് ഇന്നിങ്സില്‍ 390 റണ്‍സാണ് നേടിയത്. 

ദേശീയ ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റില്‍ ഒമ്പത് ഇന്നിങ്സില്‍ 258 റണ്‍സ്. അതിലുമുണ്ട് മൂന്ന് അര്‍ധസെഞ്ചുറികള്‍. ചൊവ്വാഴ്ച വിജയ് ഹസാരെയില്‍ കിരീടം നേടിയപ്പോള്‍ ടോപ് സ്‌കോററായതും (90) മായങ്ക് തന്നെ.

മൂന്ന് ഫോര്‍മാറ്റിലും ഒരേ ഫോമില്‍ കളിക്കുന്നു എന്നതുതന്നെ മായങ്കിന്റെ പ്രതിഭയുടെ തെളിവ്. 2010-ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലൂടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും അന്നും ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് മായങ്ക്. 2010 മുതല്‍ കര്‍ണാടക ടീമിലുണ്ട്. ഐ.പി.എല്ലില്‍, ബാംഗ്ലൂര്‍, ഡല്‍ഹി, പുണെ ടീമുകള്‍ക്കുവേണ്ടി കളിച്ചു. ഈ സീസണില്‍ ഒരുകോടി രൂപയ്ക്ക് പഞ്ചാബ് മായങ്കിനെ സ്വന്തമാക്കി. 

Content Highlights: Mayank Agarwal's outstanding batting performance