ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടങ്ങളോടെ ടീമിലെത്തിയ മായങ്ക് അഗര്‍വാളിനെ ഇത്തവണയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

മായങ്കിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യ ടെസ്റ്റ് വിജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. ഹൈദരാബാദില്‍ നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.  

ആദ്യ ടെസ്റ്റില്‍ ചെയ്തതുപോലെ തന്നെ മത്സരത്തിന്റെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് മായങ്കിന്റെ അരങ്ങേറ്റം നീളുമെന്ന് വ്യക്തമായത്.

രാജ്‌കോട്ടില്‍ തിളങ്ങാനാകാതിരുന്ന ലോകേഷ് രാഹുലിന് ഒരു അവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഷാര്‍ദുല്‍ താക്കൂര്‍ തന്നെയാണ് ഇത്തവണയും പന്ത്രണ്ടാമന്‍. 

ഇന്ത്യന്‍ ടീം: വിരാട് കോലി (നായകന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍

അതേസമയം മായങ്കിന് അവസരം നിഷേധിച്ചതിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഓസീസ് പര്യടനത്തിനു മുന്‍പ് മായങ്കിന് അരങ്ങേറ്റ മത്സരം നല്‍കണമായിരുന്നുവെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.

Content Highlights: mayank agarwal not included in hosts final 12