ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാളും ആര്‍.അശ്വിനും. ഈയിടെ സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും റാങ്കിങ്ങില്‍ നേട്ടം സമ്മാനിച്ചത്. 

റാങ്കിങ്ങില്‍ കുതിച്ചുചാട്ടം നടത്തിയയത് മായങ്ക് അഗര്‍വാളാണ്. ടെസ്റ്റ് പരമ്പര തുടങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 41-ാം റാങ്കിലുണ്ടായിരുന്ന മായങ്ക് 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി. കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സെടുത്ത മായങ്ക് രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സും നേടിയിരുന്നു. ജോ റൂട്ടാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും കെയ്ന്‍ വില്യംസണ്‍ മൂന്നാമതും നില്‍ക്കുന്നു. 

ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ മികച്ച ബൗളിങ് പ്രകടനത്തിന്റെ അകമ്പടിയില്‍ രണ്ടാം സ്ഥാനത്തെത്തി. 816 പോയന്റാണ് താരത്തിനുള്ളത് 883 പോയന്റുള്ള ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. പത്താമതുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ രണ്ട് സ്ഥാനം നഷ്ടപ്പെടുത്തി നാലാമതായി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. 

Content Highlights: Mayank Agarwal jumps 30 spots, R Ashwin inches close to No. 1 bowler Pat Cummins