ന്യൂഡല്‍ഹി: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതോടെയാണ് മായങ്ക് അഗര്‍വാളിന് ഇന്ത്യൻ ജഴ്‌സിയില്‍ കളിക്കാനുള്ള അവസരം ലഭിച്ചത്. ഓപ്പണര്‍മാരായ മുരളി വിജയും കെ.എല്‍ രാഹുലും നിറംമങ്ങിയതോടെ ഇരുവരേയും പുറത്താക്കി മായങ്കിന് അവസരം നല്‍കുകയായിരുന്നു. കിട്ടിയ അവസരം കര്‍ണാടക താരം കളഞ്ഞുകുളിച്ചില്ല.

അരങ്ങേറ്റ ഇന്നിങ്‌സില്‍ 161 പന്തില്‍ 76 റണ്‍സാണ് മായങ്ക് നേടിയത്. മെല്‍ബണിലെ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സും നേടി. ആ ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിക്കുകയും പരമ്പരയില്‍ 2-1ന് ലീഡെടുക്കുകയും ചെയ്തു. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റില്‍ താരം 77 റണ്‍സടിച്ചു തന്റെ ഫോം തുടര്‍ന്നു. ഇതോടെ ഇന്ത്യയുടെ ഓപ്പണിങ് തലവേദന മാറി.

ഓസ്‌ട്രേലിയയിലെ ചരിത്രവിജയത്തിന് ശേഷം മായങ്ക് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ഇപ്പോഴും ആ വിജയനിമിഷത്തിലാണ് താനെന്നും ആ അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും മായങ്ക് പറയുന്നു.

'അതൊരു വലിയ വിജയമായിരുന്നു. ഓസ്‌ട്രേലിയയില്‍ പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡായിരുന്നു ആ വിജയത്തിന്റെ പ്രത്യേകത. എനിക്കും ടീമിനും അഭിമാന നിമിഷമായിരുന്നു അത്.' ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മായങ്ക് പറയുന്നു.

ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രത്തെ കുറിച്ചും മായങ്ക് വിവരിക്കുന്നുണ്ട്. 'വിജയം  ആഘോഷിക്കാനായി വിക്ടറി പോഡിയത്തിലേക്ക് പോകുമ്പോള്‍ വിരാട് കോലി എന്നെ തടഞ്ഞുനിര്‍ത്തി. എന്നിട്ട് പറഞ്ഞു.' നീ ട്രോഫി പിടിക്കണം'. അത് ജീവിതത്തിലെ മനോഹരമായൊരു നിമിഷമായിരുന്നു. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. ആ നിമിഷത്തിന്റെ ഭാഗമാകാനായി എന്നതാണ് എന്റെ ഭാഗ്യം'-മായങ്ക് പറയുന്നു.

കര്‍ണാടകയില്‍ നിന്നുള്ള കെ.എല്‍ രാഹുലും തമിഴ്‌നാട്ടില്‍ നിന്നുള്ള മുരളി വിജയും മോശം ഫോമിലായതോടെയാണ് മായങ്കിന് ടീമില്‍ സ്ഥാനം ലഭിച്ചത്. ഓസ്‌ട്രേലിയയെപ്പോലെയുള്ള ശക്തമായ ഒരു ടീമിനെതിരെയാണ് കളിക്കുന്നത് എന്ന സമ്മര്‍ദ്ദമൊന്നുമില്ലാതെയായിരുന്നു ക്രീസിലറങ്ങിയതെന്നും മായങ്ക് പറയുന്നു.

Content Highlights: Mayank Agarwal Interview After Test Series Win vs Australia