വിശാഖപട്ടണം: അന്താരാഷ്ട്ര ക്രിക്കറ്റിലെ എട്ടാം ഇന്നിങ്‌സില്‍ തന്നെ ഇരട്ട സെഞ്ചുറി. വിശാഖപട്ടണത്തെ സ്‌റ്റേഡിയം മായങ്ക് അഗര്‍വാളിന് സമ്മാനിച്ചത് എന്നെന്നും മധുരിക്കുന്ന ഓര്‍മ്മയാണ്. ഇതോടെ ഒരുപിടി റെക്കോഡുകളും 28-കാരന്‍ സ്വന്തം പേരില്‍ കുറിച്ചു. കരിയറിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ നാലാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്.

ഇതിന് മുമ്പ് ദീലിപ് സര്‍ദേശായ്, വിനോദ് കാംബ്ലി, കരുണ്‍ നായര്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. 1965-ല്‍ മുംബൈയില്‍ ന്യൂസീലന്‍ഡിനെതിരേ ആയിരുന്നു ദിലീപ് സര്‍ദേശായി ഈ റെക്കോഡിലെത്തിയത്. 1993-ല്‍ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ 224 റണ്‍സ് നേടി വിനോദ് കാംബ്ലിയും കന്നി സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി. 2016-ല്‍ ചെന്നൈയില്‍ കരുണ്‍ നായര്‍ അടിച്ചെടുത്തത് 303 റണ്‍സായിരുന്നു. ഇംഗ്ലണ്ടിനെതിരേ ആയിരുന്നു ഈ ട്രിപ്പിള്‍ സെഞ്ചുറി ഇന്നിങ്‌സ്.

ലോക ക്രിക്കറ്റില്‍ ഈ റെക്കോഡില്‍ ഗാരി സോബേഴ്‌സ് ആണ് മുന്നില്‍. 1958-ല്‍ കിങ്‌സ്റ്റണില്‍ പാകിസ്താനെതിരേ പുറത്താകാതെ 365 റണ്‍സാണ് സോബേഴ്‌സ് നേടിയത്. ബോബ് സിംസണ്‍ന്റെ 311 ആണ് തൊട്ടുപിന്നില്‍. 1964-ല്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്ററിനെതിരേ ആയിരുന്നു ഇത്. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരം കരുണ്‍ നായരാണ്. 

ഇരട്ട സെഞ്ചുറിക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ രോഹിതിനൊപ്പം 317 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മായങ്ക് മറ്റൊരു റെക്കോഡ് കൂടി സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ടാണിത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ ടെസ്റ്റ് അരങ്ങേറത്തില്‍ ഓസ്‌ട്രേലിയക്ക് എതിരേ മായങ്ക് 71 റണ്‍സ് നേടിയിരുന്നു.

Content Highlights: Mayank Agarwal hits Test double hundred India vs South Africa Test Cricket