കാത്തിരിപ്പിന്റെ വേദനയും സുഖവും മറ്റാരേക്കാളും കൂടുതല്‍ മായങ്ക് അഗര്‍വാളിനറിയാം. കഴിഞ്ഞ കുറെവര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതിലിലുണ്ടായിരുന്നു കര്‍ണാടകക്കാരന്‍.

തന്നേക്കാള്‍ മോശം പ്രകടനം കാഴ്ചവെച്ചവര്‍ക്കും അര്‍ഹതയില്ലെന്ന് തോന്നിപ്പിച്ചവര്‍ക്കും മുന്നില്‍വരെ ആ പടിവാതില്‍ തുറന്നപ്പോള്‍ ക്ഷമയോടെ തന്റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ആ വാതില്‍ ഒരിക്കല്‍ തുറക്കുമെന്ന് 27-കാരന് ഉറപ്പായിരുന്നു. തുറന്നപ്പോള്‍ ഏറെ വൈകിയെങ്കിലും പരിഭവമില്ലാതെ ചെറുപ്പക്കാരന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു ' രാജ്യത്തിന്റെ ജേഴ്സിയണിയുകയെന്നത് സമ്പൂര്‍ണ ബഹുമതിയാണ്, ഈ യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി'.

വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ബാറ്റ്സ്മാന്‍ മായങ്ക് അഗര്‍വാള്‍ ഇടംപിടിച്ചത്. ഓപ്പണിങ് ബാറ്റ്സ്മാന്‍മാരായ ശിഖര്‍ ധവാനും മുരളി വിജയിക്കും ഇടം കിട്ടാത്ത ടീമില്‍ മായങ്ക് ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയേറേ.

കഴിഞ്ഞ ആഭ്യന്തര സീസണില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ഫോമിലായിരുന്നു താരം. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇരട്ട ഡക്കോടെ തുടങ്ങിയ മായങ്ക് പിന്നീട് സീസണില്‍ 1064 റണ്‍സടിച്ചു. അതും 133 റണ്‍സ് ശരാശരിയില്‍. ഇതില്‍ 1033 റണ്‍സും വന്നത് നവംബറിലായിരുന്നു. ഒരു മാസത്തില്‍ ഇത്രയും റണ്‍സെടുക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം. ഒരു ട്രിപ്പിളടക്കം അഞ്ചു സെഞ്ചുറികള്‍ അന്ന് അഗര്‍വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ 723 റണ്‍സ് നേടി മറ്റൊരു റെക്കോഡിട്ടു. ഇത്തവണ മായങ്കിന് മുന്നില്‍ വഴിമാറിയത് സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. പരിമിത ഓവര്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുക എന്ന റെക്കോഡായിരുന്നു ഇത്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി. സീസണില്‍ മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലും 258 റണ്‍സ് നേടിയിരുന്നു.

ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷംതന്നെ മായങ്ക് ഇന്ത്യന്‍ ടീമിലെത്തുമെന്നായിരുന്നു കണക്ക്കൂട്ടല്‍. താരതമ്യേന പുതുമുഖങ്ങളുമായി ഇന്ത്യ കളിച്ച നിദാഹാസ് ട്രോഫിയിലേക്കുള്ള ടീമിലേക്ക് ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു എന്നാല്‍ അവിടേക്കും പരിഗണിച്ചില്ല. അദ്ദേഹം ടീമിന്റെ വിളിക്കായി കാത്തിരിക്കുന്നവരുടെ നിരയിലുണ്ട് - എന്നായിരുന്നു മായങ്കിനെ ടീമിലെടുക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദിന്റെ മറുപടി.

എന്നാല്‍ പുതുമുഖങ്ങള്‍ക്ക് കൂടുതലവസരം കിട്ടിയ അഫ്ഗാനിസ്താന്‍ ടെസ്റ്റ് പരമ്പരയിലും കര്‍ണാടകക്കാരന് ഇടം ലഭിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിലും ഏഷ്യ കപ്പിനുള്ള ടീമിലും മറ്റുപലരേയും ടീമിലുള്‍പ്പെടുത്തിയപ്പോള്‍ 27-കാരനെ കണ്ട ഭാവം പോലും നടിച്ചില്ല ഇന്ത്യന്‍ സെലക്ടര്‍മാര്‍.

ഇംഗ്ലണ്ടില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പരീക്ഷണമെന്ന നിലയില്‍ രണ്ട് താരങ്ങളെ പരിഗണിച്ചപ്പോള്‍ അതില്‍ ഒന്നായി ഇടംപിടിക്കാന്‍ അഗര്‍വാളിനായി. യുവതാരം പൃഥി ഷായാണ് ടീമിലിടം കിട്ടിയ മറ്റൊരാള്‍.

Content Highlights: mayank agarwal gets maiden test call up