മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലും മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യം പരാജയമായതോടെയാണ് മായങ്ക് അഗര്‍വാളിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുന്നത്. നേരത്തെ ടീമിലുണ്ടായിരുന്ന കൗമാര താരം പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായതും ഒരു കാരണമായി. 

ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കാനും മായങ്കിനായി. ഇതിനൊപ്പം മറ്റൊരു റെക്കോഡും മായങ്ക് സ്വന്തം പേരില്‍ കുറിച്ചു. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295-ാമത്തെ കളിക്കാരനാണ് മായങ്ക് അഗര്‍വാള്‍.

ഇതിനൊപ്പം ഓസീസ് മണ്ണില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതിയും മായങ്ക് സ്വന്തമാക്കി. 1947-ല്‍ ഇന്ത്യയ്ക്കായി സിഡ്നിയില്‍ അരങ്ങേറിയ ദത്തു ഫാഡ്കറുടെ റെക്കോര്‍ഡാണ് മായങ്ക് മെല്‍ബണില്‍ മറികടന്നത്. ആദ്യ ടെസ്റ്റില്‍ 51 റണ്‍സെടുത്ത ഫാഡ്കറുടെ പേരിലായിരുന്നു ഇതുവരെ ഓസ്ട്രേലിയയിലെ അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സെടുത്തതിന്റെ റെക്കോഡ്.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടീമില്‍ ഇടം ലഭിച്ച മായങ്ക് അരങ്ങേറ്റം മികച്ചതാക്കി. 161 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 76 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന മായങ്കിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. കമ്മിന്‍സിന്റെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ വന്ന പിഴവാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടമാക്കിയത്. 

ഓസീസ് മണ്ണില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ മായങ്കല്ല. 1947-48 കാലത്ത് സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ആമിര്‍ ഇലാഹിയുടെ പേരിലാണ് ആ നേട്ടം. അന്ന് ഇലാഹി ഇന്ത്യക്കുവേണ്ടി അരങ്ങേറിയ നാല്‍പ്പതാമത്തെ താരമായിരുന്നു ആമിര്‍ ഇലാഹി. മായങ്ക് 295-ാമത്തെ താരവും.

Content Highlights: mayank agarwal becomes first indian opener to debut in melbourne