എഡ്ജ്ബാസ്റ്റണ്‍: പാകിസ്താനെതിരായ മൂന്നാം ഏകദിനത്തില്‍ ചര്‍ച്ചയായി ഇംഗ്ലണ്ട് സ്പിന്‍ ബൗളര്‍ മാറ്റ് പാര്‍കിന്‍സണിന്റെ ബൗളിങ്. പാക് താരം ഇമാമുല്‍ ഹഖിനെ പുറത്താക്കാനാണ് പാര്‍കിന്‍സണ്‍ അതിശയിപ്പിക്കുന്ന ലെഗ് സ്പിന്‍ പുറത്തെടുത്തത്.

പാക് ഇന്നിങ്‌സിന്റെ 26-ാം ഓവറിലാണ് ഈ വിക്കറ്റ്. ഔട്ട്‌സൈഡ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തുവന്ന പന്ത് ഇമാമുല്‍ ഹഖിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഫ്രണ്ട് ഫൂട്ടിലേക്ക് കളിക്കാന്‍ ശ്രമിച്ച ഇമാമുല്‍ ഹഖിനെ കബളിപ്പിച്ച് പന്ത് കുറ്റിയിളക്കി. വിക്കറ്റ് വീഴ്ത്തുമുമ്പ് പന്ത് 12.1 ഡിഗ്രിയില്‍ സ്പിന്‍ ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡെലിവറി ഓഫ് ദ ഇയര്‍, ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് എന്നെല്ലാമാണ് ഈ ബൗളിങ്ങിനെ ആരാധകര്‍ വാഴ്ത്തുന്നത്. വിക്കറ്റ് വീഴുമ്പോള്‍ 56 റണ്‍സുമായി മികച്ച ഫോമിലായിരുന്നു ഇമാമുല്‍ ഹഖ്. മത്സരത്തില്‍ ഇംഗ്ലണ്ട് 12 പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റിന് വിജയിച്ച് പരമ്പര തൂത്തുവാരി. 3-0ത്തിനാണ് ആതിഥേയരായ ഇംഗ്ലണ്ട് പരമ്പര വിജയിച്ചത്.

Content Highlights: Matt Parkinson shatters Imam-ul-Haq's stumps with biggest spinning delivery in ODI history'