ആന്റിഗ്വ: അവസാന നിമിഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരം റദ്ദാക്കി. ടോസിനുശേഷം വെസ്റ്റ് ഇന്‍ഡീസ് ടീമിലെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്.

'എല്ലാ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. മൂന്നാം ഏകദിനം നേരത്തേ തീരുമാനിച്ച പ്രകാരം നടക്കും. രണ്ടാം ഏകദിനം വീണ്ടും നടത്തണമോ എന്ന കാര്യം ആലോചിക്കേണ്ടി വരും'- ഐ.സി.സി അറിയിച്ചു. 

രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസിസ് നായകന്‍ അലെക്‌സ് ക്യാരി ബാറ്റിങ് തെരെഞ്ഞെടുത്തിരുന്നു. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസിസാണ് വിജയം നേടിയത്. 

ആദ്യ ഏകദിനത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ 133 റണ്‍സിനാണ് ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കിയത്. ട്വന്റി 20 പരമ്പരയില്‍ ഓസിസിനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlights: Match postponed after toss! Positive Covid case in West Indies camp sees 2nd ODI against Australia suspended