കൊളംബോ: വാതുവെയ്പ്പ് നടത്തിയതിന്റെ പേരില്‍ മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐ.സി.സിയുടെ അന്വേഷണം നേരിടുന്നതായി ശ്രീലങ്കന്‍ കായിക മന്ത്രി ദല്ലാസ് അളഹപ്പെരുമ. എന്നാല്‍ ഈ താരങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. 

മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നിലവില്‍ ലങ്കന്‍ ടീമിലുള്ള ആരും തന്നെ ഐ.സി.സിയുടെ അന്വേഷണം നേരിടുന്നില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി.

ശ്രീലങ്കക്കാരായ മൂന്ന് മുന്‍ താരങ്ങള്‍ക്കെതിരേ ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം നടത്തുന്ന കാര്യമാണ് ബഹുമാനപ്പെട്ട മന്ത്രി ഉദ്ദേശിച്ചതെന്നും അല്ലാതെ നിലവിലെ ദേശീയ താരങ്ങളാരും അക്കൂട്ടത്തിലില്ലെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ശ്രീലങ്കന്‍ പേസ് ബോളര്‍ ഷേഹന്‍ മധുഷങ്ക ഹെറോയിന്‍ വൈവശം വെച്ചതിന് അറസ്റ്റിലായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കായികരംഗം തീര്‍ത്തും മോശം പ്രവണതകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights:  match-fixing three Sri Lankan cricketers under ICC investigation says Sports Minister