സിഡ്‌നി: ഇരട്ടസെഞ്ചുറിയുമായി മാര്‍നസ് ലെബൂഷെയന്‍ (215) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ 454 റണ്‍സിനാണ് ആതിഥേയര്‍ പുറത്തായത്. 

ടെസ്റ്റ് കരിയറില്‍ ലെബൂഷെയ്‌നിന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. 363 പന്ത് നേരിട്ട താരം 19 ഫോറും ഒരു സിക്‌സും നേടി. സ്റ്റീവന്‍ സ്മിത്ത് (63), ഡേവിഡ് വാര്‍ണര്‍ (45), ടിം പെയ്ന്‍ (35) എന്നിവരും ഓസീസിനായി മികച്ചുനിന്നു. 

2019-ല്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമായ ലെബൂഷെയ്ന്‍ തന്റെ ഫോം 2020 ലും തുടര്‍ന്നു. കഴിഞ്ഞവര്‍ഷം 1104 റണ്‍സാണ് നേടിയത്. ടെസ്റ്റ് ശരാശരിയില്‍ സ്മിത്തിനെ മറികടക്കാനും താരത്തിനായി. 65 ആണ് ലെബൂഷെയ്‌നിന്റെ ശരാശരി. സ്മിത്തിന് 62.8 റണ്‍സും. 

Content Highlights: Marnus Labuschagne hits maiden Test double hundred