ജൊഹാനസ്ബര്‍ഗ്: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി കോച്ച് മാര്‍ക്ക് ബൗച്ചര്‍.

വിരമിക്കല്‍ പിന്‍വലിച്ച് ഡിവില്ലിയേഴ്സ് ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ കളിക്കാനെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ തിരിച്ചുവരുന്നില്ലെന്ന് ഡിവില്ലിയേഴ്സ് തങ്ങളോട് വ്യക്തമാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

താന്‍ തിരിച്ചുവരുമ്പോള്‍ ഇത്രയും നാള്‍ ടീമിലുണ്ടായിരുന്ന ഒരു താരത്തിന്റെ അവസരം നഷ്ടമാകുമെന്ന കാരണത്താലാണ് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിക്കാതിരുന്നതെന്ന് ബൗച്ചര്‍ പറഞ്ഞു. ഡിവില്ലിയേഴ്‌സിന്റെ തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെസ്റ്റിന്‍ഡീസിനും അയര്‍ലന്‍ഡിനുമെതിരേ നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കായി ടീമുകളെ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ബോര്‍ഡ് ഡിവില്ലിയേഴ്സുമായി ചര്‍ച്ച നടത്തിയത്.

Content Highlights: Mark Boucher reveals why AB de Villiers turned down South Africa return