ഡ്യൂനെഡിൻ:ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം. നാലുറണ്‍സിന്റെ വിജയമാണ് വില്യംസണും സംഘവും സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 2-0 ന് മുന്നിലെത്തി.

അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 15 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ജിമ്മി നീഷാമെറിഞ്ഞ ഓവറില്‍ മൂന്ന് ഡോട്ട് ബോളുകള്‍ പിറന്നു. ഇതോടെ ആവേശകരമായ മത്സരത്തില്‍ കിവീസ് വിജയം നേടി. ഒരു ഘട്ടത്തില്‍ 113 ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ 37 പന്തുകളില്‍ നിന്നും 78 റണ്‍സെടുത്ത സ്റ്റോയിനിസും 15 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്ത സാംസും ചേര്‍ന്നാണ് രക്ഷിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 50 പന്തുകളില്‍ നിന്നും 97 റണ്‍സാണ് താരം അടിച്ചെടുത്തത്. ഗപ്റ്റില്‍ തന്നെയാണ് കളിയിലെ താരവും. 53 റണ്‍സെടുത്ത നായകന്‍ വില്യംസണും 45 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജിമ്മി നീഷാമും മികച്ച പ്രകടനം കാഴ്ചവെച്ചു. ഓസിസിനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

സ്‌റ്റോയിനിസിനും സാംസിനും പുറമേ ഓസിസിനായി ജോഷ് ഫിലിപ്പെ 45 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ നാലോവറില്‍ 31 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം മാര്‍ച്ച് മൂന്നിന് നടക്കും. 

Content Highlights: Marcus Stoinis heroics in vain as Martin Guptills 97 guides Kiwis to thrilling win over Australia