സിഡ്‌നി: ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച താരമാണ് ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയിന്‍സെന്ന് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. ഫെബ്രുവരി 24ന് തുടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഓസീസ് പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് വെള്ളംകുടിപ്പിക്കുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.  

അതേസമയം ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഹെയ്ഡന്‍ പുകഴ്ത്തി. ഓസീസ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരേ ചാഹല്‍ മികച്ച ബൗളിങ്ങ് പുറത്തെടുക്കുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി. 

'ഒരു ലോകോത്തര ഓള്‍റൗണ്ടറിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ് സ്‌റ്റോയിന്‍സ്. ബൗളിങ്ങില്‍ മികവു പുലര്‍ത്തുന്ന താരം. അതുപോലെ ഹാര്‍ദിക് പാണ്ഡ്യയും മികച്ച താരമാണ്. ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമാകുന്ന ബൗളിങ് രീതി തിരഞ്ഞെടുക്കാന്‍ സ്റ്റോയിന്‍സിന്‌ കഴിയാറുണ്ട്. ഹാര്‍ദികിനും ഇതേ ഉത്തരവാദിത്തമാണുള്ളത്. പക്ഷേ എന്റെ അഭിപ്രായത്തില്‍ സ്റ്റോയിന്‍സാണ് മികച്ച താരം'-ഹെയ്ഡന്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ സാഹചര്യത്തില്‍ ഇപ്പോഴും കളിക്കാന്‍ പ്രയാസപ്പെടുന്ന താരമാണ് മാക്‌സ്‌വെല്‍ എന്നും അദ്ദേഹത്തിന്റെ ഐ.പി.എല്‍ റെക്കോഡുകള്‍ അത്ര മികച്ചതല്ലെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടുന്നു. 

Content Highlights: Marcus Stoinis currently better than Hardik Pandya says Matthew Hayden