സിഡ്‌നി: ജസ്റ്റിന് ലാംഗറിന്റെ പരിശീലന രീതികളോട് ഓസീസ് താരങ്ങള്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.  

കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനങ്ങള്‍ സംബന്ധിച്ചുള്ള അവലോകന യോഗത്തില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 40 പേര്‍ നല്‍കിയ പ്രതികരണത്തിലാണ് ലാംഗറിന്റെ പരിശീലന ശൈലിയിലുള്ള അതൃപ്തിയെ കുറിച്ച് പരാമര്‍ശമുള്ളത്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ഇതോടെ ഓസീസ് ടീമിന്റെ പരിശാലക സ്ഥാനത്ത് തുടരണമെങ്കില്‍ ലാംഗര്‍ തന്റെ ശൈലി മാറ്റേണ്ടതായി വരും.

ഹോം ഗ്രൗണ്ടില്‍ അത്ര ശക്തരല്ലാത്ത ഇന്ത്യന്‍ നിരയ്‌ക്കെതിരേ 2-1ന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ നിരവധി ഓസീസ് താരങ്ങള്‍ ലാംഗറിന്റെ മാനേജ്‌മെന്റ് ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ പരമ്പര തോല്‍വിക്കു പിന്നാലെ ഓസീസ് ക്യാമ്പിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവന്നിരുന്നു. ലാംഗര്‍ ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നുവെന്നും ശകാരിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്നും അന്ന് താരങ്ങള്‍ ആരോപിച്ചിരുന്നു.

2018-ലെ പന്തുചുരണ്ടല്‍ വിവാദങ്ങളെ തുടര്‍ന്ന് ഡാരന്‍ ലേമാന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ലാംഗര്‍ ഓസീസ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.

Content Highlights: many Australian players had expressed dissatisfaction over Justin Langer coaching style