കൊൽക്കത്ത: ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കൊൽക്കത്തയുടെ ട്വീറ്റിൽ തന്റെ പേര് പരാമർശിച്ചില്ലെന്നും ഇത് അപമാനകരമാണെന്നും തിവാരി ട്വീറ്റ് ചെയ്തു. 2012 മെയ് 27-ന് ആയിരുന്നു കൊൽക്കത്ത ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ആദ്യമായി ഐ.പി.എൽ കിരീടം നേടിയത്.

ആ കിരീടത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ട്വീറ്റ് ഇട്ടിരുന്നു. ആരാധകരോട് പ്രിയപ്പെട്ട നിമിഷം ഏതാണെന്ന് ചോദിച്ചായിരുന്നു ഈ ട്വീറ്റ്. ട്വീറ്റിനൊപ്പം മൻവീന്ദർ ബിസ്ല, ഗൗതം ഗംഭീർ, ബ്രണ്ടൻ മക്കല്ലം, സുനിൽ നരെയ്ൻ, ബ്രെറ്റ് ലീ എന്നിവരെ ടാഗ് ചെയ്തിരുന്നു. ഒപ്പം വിജയാഘോഷത്തിന്റെ വിവിധ ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

എന്നാൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മനോജ് തിവാരിയെ ട്വീറ്റിൽ ഉൾപ്പെടുത്തിയില്ല. ഇത് താരത്തെ പ്രകോപിപ്പിച്ചു. ഓർമകൾ എന്നെന്നും നിലനിൽക്കും എന്ന് പറഞ്ഞ താരം തന്നേയും ബംഗ്ലാദേശ് ഓൾറൗണ്ടൽ ഷാക്കിബുൽ ഹസ്സനേയും ഒഴിവാക്കിയത് അപമാനകരമാണെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ 15 ഇന്നിങ്സുകളിൽ നിന്ന് 260 റൺസാണ് തിവാരി നേടിയത്.

191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് മൻവീന്ദർ ബിസ്ലയുടെ ഇന്നിങ്സാണ് വിജയം സമ്മാനിച്ചത്. 48 പന്തിൽ 89 റൺസായിരുന്നു ബിസ്ല നേടിയത്. ബിസ്ല കളിയിലെ താരവും സുനിൽ നരെയ്ൻ ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

content highlights: Manoj Tiwary slams KKR