ഇംഫാല്‍: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ വഴിയേ മണിപ്പൂരി താരം റെക്‌സ് രാജ്കുമാര്‍ സിങ്ങ്. അണ്ടര്‍-19 കുച്ച് ബിഹാര്‍ ട്രോഫിയില്‍ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റും വീഴ്ത്തിയാണ് റെക്‌സ് പാകിസ്താനെതിരായ കുംബ്ലെയുടെ പ്രകടനത്തെ ഓര്‍മിപ്പിച്ചത്. അരുണാചല്‍ പ്രദേശിനെതിരെ മണിപ്പൂരിന് വേണ്ടിയായിരുന്നു യുവതാരത്തിന്റെ ചരിത്രനേട്ടം.
9.5 ഓവറില്‍ 11 റണ്‍സ് വഴങ്ങിയായിരുന്നു രാജ്കുമാറിന്റെ പത്ത് വിക്കറ്റ് പ്രകടനം. ഇതില്‍ ആറ് ഓവറും മെയ്ഡനായിരുന്നു. അഞ്ച് ബാറ്റ്‌സ്മാന്‍മാരെ റെക്‌സ് ബൗള്‍ഡാക്കിയപ്പോള്‍ രണ്ട് പേരെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നുപേരെ ക്യാച്ചെടുത്ത് പുറത്താക്കി. ഒന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് വീഴ്ത്തി മണിപ്പൂരി ബോളര്‍മാരില്‍ മുമ്പനായ റെക്‌സ്, മല്‍സരത്തിലാകെ 15 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 10.5 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് റെക്‌സ് അഞ്ചു വിക്കറ്റെടുത്തത്.
റെക്‌സിന്റെ ബൗളിങ് മികവില്‍ മണിപ്പൂര്‍ അരുണാചലിനെ രണ്ടാം ഇന്നിങ്‌സില്‍ 19 ഓവറില്‍ വെറും 36 റണ്‍സിന് പുറത്താക്കി. മൂന്ന് തവണ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റെക്‌സിന് മൂന്നു തവണയും ഹാട്രിക്ക് നഷ്ടമായി. അരുണാചല്‍ നിരയില്‍ ഒരു ബാറ്റ്‌സ്മാന്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്.
കഴിഞ്ഞ മാസം സി.കെ നായിഡു ട്രോഫിയില്‍ പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നറായ സിദാക് സിങ് പത്തില്‍ പത്തു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 1999-ല്‍ പാകിസ്താനെതിരേ നടന്ന ഡല്‍ഹി ടെസ്റ്റിലാണ് കുംബ്ലെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ബൗളറാണ് കുംബ്ലെ.
Content Highlights: Manipur Teen Achieves Rare Feat Of Taking 10 Wickets In An Innings