ലണ്ടന്‍: സ്മൃതി മന്ദാനയും ഹീത്തര്‍ നൈറ്റും സ്റ്റഫാനി ടെയ്‌ലറും തിളങ്ങിയ മത്സരത്തില്‍ ലാന്‍കിഷിറിനെ 76 റണ്‍സിനു തകര്‍ത്ത് വെസ്റ്റേണ്‍ സ്റ്റോം കിയ വനിതാ സൂപ്പര്‍ലീഗ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.

ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്നായി 185.16 ശരാശരിയില്‍ 387 റണ്‍സ് അടിച്ചു കൂട്ടിയ സ്മൃതിയുടെ പ്രകടനമാണ് വെസ്റ്റേണ്‍ സ്റ്റോമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.

ലാന്‍കിഷിറിനെതിരേ സ്മൃതിയും ഹീത്തര്‍ നൈറ്റും സ്റ്റഫാനി ടെയ്‌ലറും തിളങ്ങിയപ്പോള്‍ വെസ്റ്റേണ്‍ സ്റ്റോം, ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചു- 185/4. വെസ്റ്റേണ്‍ സ്റ്റോമിനായി സ്മൃതി 25 പന്തില്‍ നിന്ന് 49 റണ്‍സെടുത്തു. ഏഴു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. 

ടൂര്‍ണമെന്റിലെ തന്റെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ ഹീത്തര്‍ നൈറ്റ് 50 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്തു. ടെയ്‌ലര്‍ 37 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്തു. 

വനിതാ സൂപ്പര്‍ ലീഗ് ടിട്വന്റി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്മൃതി നേരത്തെ സ്വന്തമാക്കിയിരുന്നു. 

Content Highlights: smriti mandhana, kia women super league