ഗോള്‍ഡ് കോസ്റ്റ്: 15 വര്‍ഷത്തിനുശേഷം നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. മഴ വില്ലനായ ആദ്യദിനം 44 ഓവറുകള്‍ മാത്രമാണ് മത്സരം നടന്നത്.

പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ സ്മൃതി മന്ഥാന മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലി വര്‍മയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷെഫാലിയുടെ വിക്കറ്റ് മാത്രമാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ സോഫി മോളിനെക്‌സ് ടഹില മഗ്രാത്തിന്റെ കൈയ്യിലെത്തിച്ചു. 80 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സ്മൃതി മന്ഥാനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മൃതിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ഒപ്പം 16 റണ്‍സെടുത്ത് പൂനം റാവത്തും ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മേഘ്‌ന സിങ്ങും യസ്തിക ഭാട്ടിയയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യന്‍ വനിതാ ടീം ഇതാദ്യമായാണ് പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. പരിക്കുമൂലം ഹര്‍മന്‍പ്രീത് കളിക്കുന്നില്ല. ഇതിനുമുന്‍പ് 2006 ലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് മത്സരം കളിച്ചത്.

Content Highlights: Mandhana scores career-best 80 not out vs Australia in test