ന്യൂഡല്‍ഹി: പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ യുവാവ് ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് മത്സരം അടുത്തു നിന്നു കാണാന്‍. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് പോലീസ് അറസ്റ്റ് ചെയ്ത ഗിരീഷ് ശര്‍മ്മയുടെ അച്ഛന്‍ എ.കെ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗിരീഷ് ക്രിക്കറ്റ് സ്‌നേഹിയാണെന്നും അന്താരാഷ്ട്ര താരങ്ങള്‍ ആ മത്സരത്തില്‍ കളിക്കുന്നുണ്ടെന്ന് ഗിരീഷിന് അറിയില്ലായിരുന്നുവെന്നും എ.കെ ശര്‍മ്മ വ്യക്തമാക്കി.

'സഹോദരിയെ വിമാനത്താവളത്തില്‍ ഇറക്കിവിട്ട ശേഷം വരികയായിരുന്നു ഗിരീഷ്. അപ്പോഴാണ് രഞ്ജി മത്സരം നടക്കുന്നത് കണ്ടത്. ഗേറ്റിലൊന്നും ആരുമില്ലാതിരുന്നതിനാല്‍ അവന്‍ കാറുമായി ഗ്രൗണ്ടില്‍ കയറി. അതിന് മറ്റു ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല' എ.കെ ശര്‍മ്മ പറയുന്നു.

ഗൗതം ഗംഭീറടക്കമുള്ള താരങ്ങളെ കണ്ടപ്പോള്‍ ഗിരീഷ് അവരെ പരിചയപ്പെടാന്‍ ശ്രമിച്ചുവെന്നും അതിനിടയില്‍ സുരക്ഷാ ജീവനക്കാര്‍ വന്ന് ഗ്രൗണ്ടിന് പുറത്തിറക്കുകയായിരുന്നുവെന്നും എ.കെ ശര്‍മ്മ വ്യക്തമാക്കുന്നു.

അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഗിരീഷിനെ വിട്ടയച്ചു. പക്ഷേ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഗിരീഷിനെ പരിഹസിക്കുന്ന ട്രോളുകളുടെ ബഹളമാണെന്നും ഗിരീഷിന്റെ അച്ഛന്‍ പറയുന്നു.