Photo: twitter.com/BCCIWomen
പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക): മലയാളി താരം സി.എം.സി. നജ്ലയുടെ ബൗളിങ് മികവില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരേയുള്ള ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം. കളിയില്‍ നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് മലപ്പുറം ജില്ലക്കാരിയായ നജ്ല വീഴ്ത്തിയത്. മൂന്ന് ഓവറില്‍ നാലു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-0). സ്കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ 86/9. ഇന്ത്യ-15 ഓവറില്‍ 87/6.
കളിയുടെ തുടക്കംമുതല്‍ ഇന്ത്യന്‍ ബൗളര്മാരുടെമുന്നില് ദക്ഷിണാഫ്രിക്ക പതറി. അയന്ഡ ഹ്ലുബിയെയാണ് നജ്ല ആദ്യം പുറത്താക്കിയത്. ഷഫാലി വര്‍മയാണ് ക്യാച്ചെടുത്തത്. പിന്നീട് നജ്ലയുടെ പന്തില്‍ സിമോണ്‍ ലോറന്‍സിനെ റിച്ചാഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. ജെമ്മ ബോത്തയെ ബൗള്‍ഡാക്കി മൂന്നാം വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യക്കുവേണ്ടി ഫലക് നാസ് രണ്ടും യശ്വശ്രീ മന്നത്ത് കശ്യപ്, സോണിയ മെന്‍ഡിയ, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഷഫാലി വര്‍മ (29), റിച്ചാഘോഷ് (15), സൗമ്യ തിവാരി (14) എന്നിവര്‍ ഇന്ത്യക്കുവേണ്ടി തിളങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ന് നാലാം ട്വന്റി 20 മത്സരം നടക്കും. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
മലപ്പുറം തിരൂരിലെ പച്ചാട്ടിരി മുറിവഴിക്കല്‍ സ്വദേശിനിയാണ് നജ്ല.
സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് അക്കാദമിയിലാണ് പരിശീലനം നടത്തിയിരുന്നത്. അണ്ടര്‍ 16 വിഭാഗത്തില്‍ രണ്ടുതവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ചാത്തേരി നൗഷാദ്-മുംതാസ് ദമ്പതിമാരുടെ മകളാണ്.
Content Highlights: najila, najla, cmc najla, najla cricketer, indian cricket team, indian womens cricket team, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..