പാകിസ്താന്റെ ലെഗ്സ്പിന്നര്‍ യാസിര്‍ ഷാ പന്തെറിയുമ്പോള്‍ ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന് വോണിന്റെ ബൗളിങ് അറിയാതെ നമ്മള് ഓര്‍ത്തുപോകും. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഗാരി ബാല്ലന്സിനെ പുറത്താക്കിയ മാന്ത്രിക പന്ത് മാത്രം കണ്ടാല്‍ മതി യാസിര്‍ ഷായും വോണും ലെഗ്സ്പിന്നില്‍ കാണിക്കുന്ന സാമ്യത മനസ്സിലാക്കാന്‍.
ഓഫ് സ്റ്റമ്പിന് പുറത്തേക്കായി പതിച്ച പന്ത് കുത്തി തിരിഞ്ഞ് ലെഗിലേക്ക് കുതിച്ച് ബാല്ലന്സിന്റെ ബെയില്സ് ഇളക്കി. 2005ല്‍ ആന്‍ഡ്രു സ്ട്രോസിനെ പുറത്താക്കാന്‍ വോണ്‍ പുറത്തെടുത്ത മാന്ത്രിക പന്തിന് സമാനമായിരുന്നു യാസിറിന്റെ ആ പ്രകടനം. മത്സര ശേഷം ഷെയ്ന് വോണിനെയാണ് താന്‍ ഹീറോ ആയി കാണുന്നതെന്ന് യാസിര്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ വോണും യാസിറും തമ്മിലുള്ള സാമ്യതയുടെ ചിത്രം പൂര്‍ത്തിയായി.
ഇംഗ്ലണ്ടിനെതിരെ യാസിര്‍ ഷായുടെ ബൗളിങ്
ലോര്‍ഡ്സ് ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലുമായി 141 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷെയ്ന് വോണിന്റെ പേരിലുള്ള ഒരു റെക്കോര്‍ഡും മറികടന്നു. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ യാസിര്‍ ഷെയ്ന് വോണിന് ശേഷം ആ നേട്ടം കൈവരിക്കുന്ന ലെഗ് സ്പിന്നര്‍ എന്ന ചരിത്രമാണ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്.
ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല മുപ്പതുകാരനായ യാസിര്‍ ഷായുടെ റെക്കോര്‍ഡുകള്‍. 20 വര്‍ഷത്തിന് ശേഷം ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന പാകിസ്താന് താരമെന്ന റെക്കോര്‍ഡും ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ സന്ദര്‍ശക ടീമിന്റെ സ്പിന്നര്‍ 104 വര്‍ഷത്തിനിടെ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോര്‍ഡുമാണ് യാസിര്‍ ഷാ സ്വന്തം പേരില്‍ കുറിച്ചത്. 1996 ഡിസംബറില്‍ മുഷ്താഖ് അഹമ്മദാണ് അവസാനമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ പാകിസ്താന് താരം. ലോര്‍ഡ്സില്‍ രണ്ടിന്നിങ്സുകളിലുമായി 141 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളാണ് യാസിര്‍ നേടിയത്. ദക്ഷണാഫ്രിക്കക്ക് വേണ്ടി സിഡ് പെഗ്ലര്‍ 1912ല്‍ 65 റണ്‍സിന് ആറു വിക്കറ്റ് നേടിയ ശേഷം ഇതുവരെ ആരും ലോര്‍ഡ്സില്‍ ഇത്തരമൊരു ബൗളിങ് പ്രകടനം പുറത്തെടുത്തിട്ടില്ല.
വോണിന്റെയും യാസിറിന്റെയും വിക്കറ്റുകള്‍
13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി യാസിര്‍ ഷായുടെ അക്കൗണ്ടിലുള്ളത് 86 വിക്കറ്റുകളാണ്. ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡും യാസിറിന്റെ തൊട്ടരികെയുണ്ട്. നിലവില്‍ ഇംഗ്ലീഷ് ബൗളര്‍ ജോര്‍ജ് ലോംമാനിന്റെ പേരിലാണ് ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ്. അതും 16 മത്സരങ്ങളില്‍ നിന്ന്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് യാസിര്‍ കളിക്കുന്ന ആദ്യ ടെസ്റ്റായിരുന്നു ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം. തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം തന്നെ യാസിര്‍ അവിടെ പുറത്തെടുത്തു.
പാകിസ്താനിലെ സ്വാബിയില്‍ ജനിച്ച യാസിര്‍ 2014ല്‍ ഓസീസിനെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ കളിച്ച് മൂന്നു വര്‍ഷത്തിന് ശേഷം തന്റെ 28ാം വയസ്സില്‍. 2011ല്‍ ദേശീയ ടീമിലെത്തും മുമ്പ് പാകിസ്താന്റെ ക്സറ്റംസ് ടീമിലായിരുന്നു യാസിര്‍ കളിച്ചിരുന്നത്. ഏകദിനത്തില്‍ 12 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് യാസിറിന്റെ ഇതുവരെയുള്ള സമ്പാദ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..