ധാക്ക: നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ശേഷം ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് നടത്തിയ ആഹ്ലാദ പ്രകടനം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ലങ്കന്‍ താരങ്ങളെ പരിഹസിച്ചുള്ള ബംഗ്ലാദേശ് താരങ്ങളുടെ കോബ്രാ ഡാന്‍സും ഡ്രസ്സിങ് റൂമിന്റെ ഗ്ലാസുകള്‍ പൊട്ടിച്ചതുമെല്ലാം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 25% ഐ.സി.സി പിഴയിടുകയും ചെയ്തു.

എന്നാല്‍ ഇന്ത്യക്കെതിരായ ഫൈനലിനിടെ ബംഗ്ലാദേശ് താരം മഹ്മൂദുല്ല തന്റെ അരിശം തീര്‍ത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആറാമനായി ക്രിസീലിറങ്ങിയ മഹ്മൂദുല്ല 16 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ റണ്‍ഔട്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി വിക്കറ്റ് പോയത് മഹമ്ദൂല്ലക്ക് ഒട്ടും സഹിച്ചില്ല.  തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് പോകും വഴി സ്‌റ്റെയര്‍കേസിന് അടുത്തുള്ള ഇരുമ്പു കമ്പിയില്‍ ചവിട്ടിയാണ് താരം ദേഷ്യമടക്കിയത്. 

ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ അവസാന പന്തിലെ സിക്‌സാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇന്ത്യ തോല്‍ക്കുമെന്ന് എല്ലാവരും കരുതിയിരുന്ന സമയത്ത് കാര്‍ത്തിക് ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ചു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഒട്ടു സമ്മര്‍ദമില്ലാതെ കാര്‍ത്തിക് പന്ത് അതിര്‍ത്തി മുകളിലൂടെ പറത്തി.

 Content Highlights:  Mahmudullah vents his anger on staircase after bizarre run-out in final