ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി പരിശീലകന്റെ വേഷത്തിലേക്ക് ചുവട് മാറ്റുന്നു. ഇതിന്റെ ആദ്യ ഘട്ടമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ക്രെയ്ഗ് മക്‌ഡെര്‍മോട്ടിന്റെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഉപദേഷ്ടാവും ബ്രാന്‍ഡ് അംബാസിഡറുമായി ധോനി ചുമതലയേറ്റു. സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്‌സാണ് മക്‌ഡെര്‍മോര്‍ട്ടിന്റെ അക്കാദമി നല്‍കുന്നത്. 

ക്രിക്കറ്റിന് എന്തെങ്കിലും തിരിച്ച് നല്‍കാനുള്ള പ്ലാറ്റ്‌ഫോമായാണ് അക്കാദമിയെ കാണുന്നതെന്നും സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സും വിദ്യാഭ്യാസവും ഒരു പോലെ കൊണ്ടു പോകാന്‍ ഈ അക്കാദമി സഹായിക്കുമെന്നും ധോനി വ്യക്തമാക്കി. 

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അക്കാദമിയെ പരിചയപ്പെടുത്താന്‍ ധോനിയെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലൂടെ സാധിക്കുമെന്നും ധോനിക്ക് തങ്ങളുടെ പദ്ധതിയില്‍ വിശ്വാസമാണെന്നും  മക്‌ഡെര്‍മോട്ട് പറഞ്ഞു. 1984 മുതല്‍ 1996 വരെ ഓസീസിനായി കളിച്ച ഫാസ്റ്റ് ബൗളറായ മക്‌ഡെര്‍മോട്ട് 71 ടെസ്റ്റില്‍ നിന്ന് 291 വിക്കറ്റും 138 ഏകദിനത്തില്‍ നിന്ന് 203 വിക്കറ്റും നേടിയിട്ടുണ്ട്.