തിരുവനന്തപുരം:  തുടർച്ചയായ രണ്ട് ജയം സ്വന്തമാക്കി കൊമ്പുകുലുക്കി വന്ന കേരളം മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ്  മത്സരത്തിൽ ദയനീയ തോൽവിയിലേയ്ക്ക്.

ആദ്യ ഇന്നിങ്സിൽ കേവലം 63 റൺസിന് ഓൾഔട്ടായ ആതിഥേയർ രണ്ടാമിന്നിങ്സിലും ദയനീയമായ ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 38 റൺസെടുക്കുന്നതിനിടെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. രണ്ട് ദിവസത്തെ കളി അവശേഷിക്കേ സന്ദർശകരേക്കാൾ 227 റൺസിന് പിറകിലാണ് കേരളം.

അരുൺ കാർത്തിക് (4), ജലജ് സക്സേന (1), രോഹൻ പ്രേം (0), അക്ഷയ് ചന്ദ്രൻ (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 28 പന്തിൽ നിന്ന് 20 റൺസെടുത്ത സച്ചിൻ ബേബിയും ഒൻപത് റൺസെടുത്ത വി.എ. ജഗദീഷുമാണ് ക്രീസിൽ.

രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ് സിങ്ങും ആവേഷ് ഖാനുമാണ് കേരളത്തെ തകർത്തത്.

63 റൺസ് എന്ന കേരളത്തിന്റെ നിസാരമായ സ്കോർ പിന്തുടർന്ന മധ്യപ്രദേശ് 
ഒന്നാം ഇന്നിങ്സിൽ 328 റൺസാണ് നേടിയത്.

ക്യാപ്റ്റൻ നമൻ ഓജ (79),  യാഷ് ദുബെ (79), രജത് പട്ടിദാർ (73) എന്നിവരാണ് മധ്യപ്രദേശിനുവേണ്ടി തിളങ്ങിയത്.

കേരളത്തിനുവേണ്ടി ജലജ് സക്സേന നാലും സന്ദീപ് വാര്യർ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്ന് കളികളിൽ നിന്ന് പതിമൂന്ന് പോയിന്റുള്ള കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്. ഒരൊറ്റ ജയം സ്വന്തമാക്കാൻ കഴിയാത്ത മധ്യപ്രദേശ് അഞ്ച് പോയിന്റുമായി അഞ്ചാമതാണ്.

Content Highlights: madhyapradesh leads ranji trophy match against kerala