സെഞ്ചുറി നേടിയ യഷ് ദുബെ (ഇടത്ത്). അരികെ ശുഭം ശർമ
ബെംഗളൂരു: ശുഭം ശര്‍മയുടെയും യഷ് ദുബെയുടെയും സെഞ്ചുറികളില്‍ മധ്യപ്രദേശിന് ശുഭപ്രതീക്ഷ. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ലീഡിനരികിലെത്തിയ മധ്യപ്രദേശ്, ചരിത്രത്തിലെ ആദ്യ കിരീടത്തിന് അരികിലാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ലീഡിന് ആറുറണ്‍സ് മാത്രം പിറകിലാണ് മധ്യപ്രദേശ്. സ്കോര്‍: മുംബൈ 374, മധ്യപ്രദേശ് മൂന്നിന് 368.
മൂന്നാം ദിനം കഴിയുമ്പോഴും ഒന്നാം ഇന്നിങ്സ് ബാറ്റിങ് തീരാത്തതിനാല്‍ കളി സമനിലയാകാനാണ് സാധ്യത. വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ രജത് പടിദാര്‍ (67*), ആദിത്യ ശ്രീവാസ്തവ (11*) എന്നിവരാണ് ക്രീസില്‍. സമനിലയായാല്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ചാമ്പ്യന്മാരാകും. രഞ്ജി ക്രിക്കറ്റില്‍ 41 തവണ ജേതാക്കളാണ് മുംബൈ. 1998-99നുശേഷം ആദ്യമായി ഫൈനലിലെത്തിയ മധ്യപ്രദേശ് ഇതുവരെ രഞ്ജി കിരീടം നേടിയിട്ടില്ല.
ഒന്നിന് 123 എന്നനിലയില്‍ വെള്ളിയാഴ്ച രാവിലെ ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിനുവേണ്ടി ഓപ്പണര്‍ യഷ് ദുബെയും (133) വണ്‍ഡൗണ്‍ ബാറ്റര്‍ ശുഭം ശര്‍മയും (116) ചേര്‍ന്ന് ഉജ്ജ്വലമായ ബാറ്റിങ് പുറത്തെടുത്തു. 336 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെയാണ് യഷ് ദുബെ 133 റണ്‍സിലെത്തിയത്. 215 പന്ത് നേരിട്ട ശുഭം ശര്‍മ 15 ഫോറും ഒരു സിക്സും നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 222 റണ്‍സെടുത്തു.
ഒന്നാം ഇന്നിങ്സ് ലീഡ് എന്ന ലക്ഷ്യത്തോടെ ബാറ്റുചെയ്ത മധ്യപ്രദേശ് ബാറ്റര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മുംബൈയുടെ ബൗളര്‍മാരുടെ നിയന്ത്രണം നഷ്ടമായി. ശുഭം ശര്‍മയുടെ ഒരു ക്യാച്ചവസരം അര്മാന് ജാഫര്‍ കൈവിട്ടത് മാറ്റിനിര്‍ത്തിയാല്‍ മുംബൈക്ക് വലിയ അവസരങ്ങള്‍ കിട്ടിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..