ന്യൂഡല്‍ഹി: മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയക്ക് സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നെന്ന ഷോയബ് അക്തറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.
ഹിന്ദുവായതിന്റെ പേരില്‍ പാകിസ്താന്‍ ടീമിലെ ചില താരങ്ങള്‍ കനേരിയക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നതായി അക്തര്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇത്തരമൊരു കാര്യം ഒരിക്കലും ഇന്ത്യന്‍ ഡ്രെസ്സിങ് റൂമില്‍ സംഭവിക്കില്ലെന്നു പറഞ്ഞ മദന്‍ ലാല്‍, കനേരിയക്ക് നേരിട്ട വിവേചനം ദൗര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
''വിവിധ മതങ്ങളില്‍പ്പെട്ടവര്‍ ഇന്ത്യന്‍ ഡ്രെസ്സിങ് റൂം പങ്കിടാറുണ്ട്. എന്നാല്‍ കനേരിയക്ക് സംഭവിച്ച പോലൊന്ന് ഒരിക്കലും ഇവിടെ നടക്കില്ല. ടീം അംഗമെന്ന നിലയില്‍ തമ്മില്‍ പിന്തുണ നല്‍കേണ്ടവരാണ് താരങ്ങള്‍. ഇന്ത്യന്‍ കളിക്കാരും പാകിസ്താന്‍ കളിക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. കഴിവുള്ള ഒട്ടെറെ താരങ്ങള്‍ ഇരു രാജ്യത്തുമുണ്ട് പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണ് വലിയ വ്യത്യാസം'', മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു.
മുന്‍ പാക് താരം അനില്‍ ദല്‍പത്തിനു ശേഷം പാക് ടീമിലെത്തുന്ന രണ്ടാമത്തെ മാത്രം ഹിന്ദുമതതസ്ഥനായിരുന്നു ഡാനിഷ് കനേരിയ. ഇരുവരും ബന്ധുക്കളുമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയിലാണ് അക്തര്‍, ഡാനിഷ് കനേരിയ ടീം അംഗങ്ങളില്‍ നിന്ന് നേരിട്ട വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
Content Highlights: Madan Lal on Danish Kaneria mistreatment