-
സച്ചിന് തെണ്ടുല്‍ക്കര്‍ 32-ാം ജന്മദിനമാഘോഷിച്ച 2005 ഏപ്രില്‍ 24-ന് ഡല്‍ഹിയിലുള്ള ക്രിക്കറ്റ് അക്കാദമിയില്‍ ഒരു മലയാളി പയ്യന് പരിശീലനത്തിനായെത്തി. അതുവരെ ടെന്നീസ്ബോള്കൊണ്ട് മാത്രം കളിച്ച ആ അഞ്ചു വയസ്സുകാരന് പതിന്നാല് വര്‍ഷത്തിനുശേഷം അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായി വളര്‍ന്നു.
കൂച്ച് ബിഹാര്‍ ക്രിക്കറ്റില്‍ എട്ട് മത്സരങ്ങളില്‍ 1235 റണ്‍സുമായി ടോപ്സ്കോററായ വത്സല്‍ ഗോവിന്ദ്, കേരള ക്രിക്കറ്റിന്റെ പുത്തന്‍ പ്രതീക്ഷ. ഗുജറാത്തിലെ വഡോദരയിലെ പ്രൈഡ് ഹോട്ടലില്‍വെച്ച് കണ്ടുമുട്ടുമ്പോള്‍ പുഞ്ചിരിയോടെയായിരുന്നു വത്സലിന്റെ സ്വീകരണം.
''കൈ സേ ഹെ...'' എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ''വെരിമച്ച് ഹാപ്പി'' എന്ന മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.
പിന്നാലെ ഹോട്ടലിന്റെ ലോബിചൂണ്ടിക്കാണിച്ചു. നമുക്ക് അവിടെ ഇരിക്കാമെന്ന് നല്ല മലയാളത്തില്‍. മലയാളം അറിയാമോ എന്ന ചോദ്യത്തിന്, ''പഠിച്ചുപഠിച്ച് വരുന്നു'' എന്നായിരുന്നു മറുപടി. ലോബിയിലിരുന്ന് വത്സല്‍ തന്റെ ക്രിക്കറ്റ് ജീവിതം പറഞ്ഞുതുടങ്ങി.
മുത്തച്ഛനാണ് എല്ലാം
അച്ഛന് ഗോവിന്ദ് കനകന് തൃശ്ശൂര്‍ ചാലക്കുടിക്കാരനാണെങ്കിലും അമ്മ റുമയുടെ നാടായ ഡല്‍ഹിയിലായിരുന്നു വത്സലിന്റെ വളര്‍ച്ച. വൈകുന്നേരങ്ങളില്‍ മുത്തച്ഛന് ഓം ശര്‍മയ്ക്കൊപ്പം വീടിന് സമീപമുള്ള പാര്‍ക്കില്‍ പോകുമായിരുന്നു കൊച്ചുവത്സല്. മുത്തച്ഛന് കൈയില്‍ എന്നും ഒരു ടെന്നീസ്ബോള് കരുതും. വത്സലിന് എറിഞ്ഞുകൊടുക്കും. എന്നിട്ട് ബാറ്റുകൊണ്ട് എന്തുവേണേലും ചെയ്യാന്‍ പറയും.

വത്സല്‍ എത്ര ദൂരേക്ക് അടിച്ചാലും യാതൊരു പരിഭവവും കൂടാതെ മുത്തച്ഛന് ആ പന്തുകള്‍ തിരികെ കൊണ്ടുവന്ന് വീണ്ടും എറിഞ്ഞുകൊടുക്കും. കളിക്കുശേഷം വത്സല്‍ നാനിയോട് സംസാരിക്കും. എങ്ങനെ സംസാരിക്കണമെന്നും ജീവിക്കണമെന്നുമെല്ലാം പഠിപ്പിച്ചത് നാനിയായിരുന്നുവെന്ന് വത്സല്‍ ഓര്‍ത്തെടുത്തു. ''ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നാനിക്കാണ്, പക്ഷേ, എന്റെ ഈ നേട്ടം കാണാന്‍ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും സന്തോഷിക്കുക അദ്ദേഹമായിരിക്കും'' - വത്സല്‍ പറഞ്ഞു.
കളി കാര്യമാവുന്നു
വീട്ടില്‍നിന്ന് നടന്നുപോകാനുള്ള ദൂരം മാത്രമേ അക്കാദമിയിലേക്ക് ഉണ്ടായിരുന്നുളളൂ. അക്കാദമിയില്‍ പരിശീലനം തുടങ്ങിയതോടെ വത്സല്‍ കളി കുറച്ച് ഗൗരവത്തിലെടുത്തു. കൂടുതല്‍ സമയം ബാറ്റിങ്ങില്‍ പരിശീലിച്ചു. പരിശീലകന് എന്‍.എം. അശോക് ഗോയല്‍ നന്നായി സഹായിച്ചു. അക്കാദമിയുടെ അണ്ടര്‍-14 ടീമില്‍ എട്ടുവയസ്സുള്ളപ്പോള്തന്നെ ഇടംപിടിച്ചു. പതിനൊന്നാം വയസ്സില്‍ സോനറ്റ് ക്രിക്കറ്റ് ക്ലബ്ബിലെത്തി. അവിടെ തരക് സിന്‍ഹയ്ക്ക് കീഴില്‍ പരിശീലനം. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ തരക് സിന്‍ഹയ്ക്ക് കീഴിലാണ് ഋഷഭ് പന്ത്, ആശിഷ് നെഹ്റ, ആകാശ് ചോപ്ര, മനോജ് പ്രഭാകര്‍, അതുല്‍ വാസന്, ശിഖര്‍ ധവാന് അടക്കമുളള താരങ്ങള്‍ പരിശീലിച്ചത്.
ഡല്‍ഹിയിലെ ഹന്സ്രാജ് സ്കൂളില്‍ ചേര്‍ന്ന് വത്സല്‍ അവിടെത്തെ ടീമിലും ഇടം കണ്ടെത്തി. പിന്നാലെ 2015-16 വിജയ് മര്‍ച്ചന്റ് ടൂര്‍ണമെന്റിലേക്കുള്ള ടീമിലെത്തി.

കേരളത്തിലേക്കുളള വരവ്
വിജയ് മര്‍ച്ചന്റ് ട്രോഫിക്കുശേഷം വത്സല്‍ അച്ഛന്റെ നാടായ ചാലക്കുടിയിലെത്തി. ചാലക്കുടിയിലെ വീട്ടില്‍ അച്ഛന്റെ അച്ഛനായിരുന്നു കൂട്ട്. കേരളത്തിലെത്തിയാല്‍ കളി തുടരാനാകുമെന്ന് വത്സല്‍ കരുതിയിരുന്നില്ല. എന്നാല്‍, തൃശ്ശൂരിലെ അപെകസ് ക്രിക്കറ്റ് ക്ലബ്ബില്‍ പ്രമോദ് കൊണ്ടത്തിന് കീഴില്‍ വീണ്ടും പരിശീലനം ആരംഭിച്ചു. പ്രമോദായിരുന്നു വത്സലിനെ കേരള ക്രിക്കറ്റിലേക്ക് അവതരിപ്പിച്ചത്.
പിന്നാലെ കൂച്ച് ബിഹാര്‍ ട്രോഫിക്കുള്ള കേരളാടീമില്‍ ഇടംകണ്ടെത്തി. ആദ്യ സീസണില്‍ ആറു മത്സരങ്ങളില്‍നിന്നായി 456 റണ്‍സുമായി കേരളത്തിന്റെ ടോപ്സ്കോറര്‍. പിന്നാലെ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനും അവസരം കിട്ടി. ഈ അവസരം നന്നായി മുതലെടുത്തു താരം. ജയ്പുരില്‍ നടന്ന വിനു മങ്കാദ് ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ 270 റണ്‍സുമായി തിളങ്ങി.
ഗോള്‍ഡന്‍ സീസണ്
2018-19 സീസണിലായിരുന്നു വത്സലിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആദ്യം അണ്ടര്‍-19 ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീനിനായി കളിച്ചു.
എന്നാല്‍, അവിടെ തിളങ്ങാനായില്ല. മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സ് മാത്രം. അതിലെ മോശം പ്രകടനം സങ്കടപ്പെടുത്തിയിരുന്നു, എന്നാല്‍ കൂച്ച് ബിഹാറിലെ പ്രകടനംകൊണ്ട് അത് മറികടക്കാനായെന്നും വത്സല്‍ പറയുന്നു.

കൂച്ച് ബിഹാറില്‍ എട്ട് മത്സരങ്ങളില്‍ 1235 റണ്‍സുമായി ടൂര്‍ണമെന്റ് ടോപ്സ്കോററായി. പരിശീലകന് സുനില്‍ ഒയാസിസിന്റെ അനുഭവസമ്പത്ത് തന്നെ സഹായിച്ചുവെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു.
കൂച്ച് ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വത്സലിന് രഞ്ജി ടീമില്‍ ഇടംകിട്ടി. ഡല്‍ഹിക്കെതിരേ ഒരു മത്സരം മാത്രം കളിച്ച താരത്തിന് നാലു റണ്‍സ് മാത്രമാണ് എടുക്കാനായത്. വത്സലിനെ പുറത്താക്കിയത് വത്സലിന്റെ പഴയ സഹതാരങ്ങളായിരുന്നു. ബൗളറായിരുന്ന വികാസ് മിശ്രയ്ക്കൊപ്പം വത്സല്‍ ഡല്‍ഹിയില്‍ ലീഗ് മത്സരങ്ങളില്‍ കളിച്ചിരുന്നു. ക്യാച്ചെടുത്ത അനുജ് റാവത്ത് വിജയ് മര്‍ച്ചന്റില്‍ വത്സലിനൊപ്പം ഡല്‍ഹി ടീമിലുണ്ടായിരുന്നു.
കേരളവര്‍മ
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയാണെങ്കിലും അഡ്മിഷന് ദിനത്തില്‍ മാത്രമാണ് കോളേജില്‍ പോയത്. എങ്കിലും കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ബിപിനെ ഇടയ്ക്കിടെ ബന്ധപ്പെടും. ആഞ്ചോ വര്‍ഗീസ് എന്ന സഹപാഠി പുസ്തകങ്ങളൊക്കെതന്ന് സഹായിക്കും. ഇത്തവണ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കിലും അടുത്തവര്‍ഷം എഴുതിയെടുക്കണമെന്നാണ് ആഗ്രഹം.
ആ ഫോട്ടോ എവിടെ
ക്രിക്കറ്റില്‍ സച്ചിന് തെണ്ടുല്‍ക്കറെയും വിരാട് കോലിയെയും ഒരുപോലെ ഇഷ്ടം. സച്ചിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോയുമെടുത്തു. ഡല്‍ഹിയിലെ ഐ.ടി.സി. മോറ ഹോട്ടലില്‍വെച്ച് വിരാട് കോലിയെയും കണ്ടുമുട്ടി. ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
എന്നാല്‍, ആ ഹോട്ടലില്‍ വന്ന ഏതോ ഒരു ആളുടെ ഫോണിലായിരുന്നു ആ ഫോട്ടോയെടുത്തത്. അയാളെ പിന്നെ വത്സല്‍ കണ്ടിട്ടില്ല. ആ ഫോട്ടോയും കിട്ടിയില്ല. അടുത്തതവണ കാണുമ്പോള്‍ ഇത്തരത്തിലൊരു അമളിപറ്റില്ലെന്ന് വത്സല്‍ ഉറപ്പിച്ച് പറയുന്നു.
രണ്‍വീറും ദീപികയുമാണ് ബോളിവുഡില്‍ ഇഷ്ടജോഡി. ജീവിതത്തില്‍ വല്ല ദീപികയുമുണ്ടോ എന്ന ചോദ്യത്തിന് വത്സല്‍ പുഞ്ചിരിച്ച് പറഞ്ഞു. ''ഐ ലവ് ഒണ്‍ലി ക്രിക്കറ്റ്.''
Content Highlights: Life story of Vatsal Govind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..