പാര്‍ക്ക്‌ഡേല്‍ ക്ലബ്ബ് അണ്ടര്‍ 12 ടീമിലെ ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരന്‍. ഇതായിരുന്നു സ്‌കോട്ട് ബോളണ്ടിന്റെ തുടക്കകാലത്തെ മേല്‍വിലാസം. ചുരുങ്ങിയ സമയത്തിനുള്ളില്‍ 41 ഓളം മാച്ചുകള്‍ ബോളണ്ട് ക്ലബിനായി കളിച്ചു, 31 ഓളം വിക്കറ്റുകള്‍ വീഴ്ത്തി ക്ലബിലെ തന്നെ മികച്ച കളിക്കാരനായി മാറിയ ബോളണ്ട് ഏവരെയും ഞെട്ടിച്ചു. ക്രിക്കറ്റിനോടുള്ള താത്പര്യവും അഭിനിവേശവും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന ചിന്ത ബോളണ്ടിലുണ്ടാക്കി. ക്രിക്കറ്റിനോടുള്ള പാഷന്‍ ആ 16 കാരനെ ഫ്രാങ്ക്സ്റ്റണ്‍ പെനിന്‍സുല എന്ന് മികച്ച ക്ലബിലെത്തിച്ചു.

അതുവരെ ബൗളിങ്ങില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന ബോളണ്ട് തന്റെ രീതി മാറ്റുകയായിരുന്നു. നിക് ജുവല്‍ എന്ന കോച്ചിന്റെ കീഴില്‍ ബൗളിങ്ങില്‍ കൂടുതല്‍ പരിശീലനം നേടി. എന്നാല്‍ ആദ്യത്തെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ബോളണ്ടിന് കഴിഞ്ഞില്ല. ആറ് മാച്ചുകളില്‍ നിന്ന് വെറും മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ആദ്യമായി പരാജയത്തിന്റെ കയ്പ് അറിഞ്ഞ നിമിഷങ്ങള്‍ അനുഭവിച്ച സമയം. എന്നാല്‍ വിട്ടുകൊടുക്കാന്‍ ബോളണ്ട് തയ്യാറായില്ല. കൂടുതല്‍ നേരം പിച്ചില്‍ പരിശീലനത്തിനായി ചെലവഴിച്ചു. രണ്ടാം സീസണില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം ബോളണ്ട് കാഴ്ച വെച്ചു. 20 മാച്ചുകളില്‍ നിന്നുമായി നേടിയത്‌ 27 വിക്കറ്റ്. 

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ്‌ക്കെതിരേ 2011 നവംബര്‍ 11 നായിരുന്നു ബോളണ്ടിന്റെ ആദ്യത്തെ ആഭ്യന്തര മത്സരം. ഫ്രാങ്ക്സ്റ്റണ്‍ പെനിന്‍സുലയിലെ പ്രവൃത്തിപരിചയം ബോളണ്ടിന് മുതല്‍ക്കൂട്ടായെന്ന് വേണം കരുതാന്‍. സൗത്ത് ഓസ്‌ട്രേലിയുമായുള്ള രണ്ടാം സീസണ്‍ മത്സരത്തിന്റെ അവസാനത്തോടെ ഒന്‍പത് വിക്കറ്റുകളെന്ന പൊന്‍തൂവല്‍ ബോളണ്ട് സ്വന്തമാക്കി. 2012-13 സീസണില്‍ സൗത്ത് ഓസ്‌ട്രേലിയ്‌ക്കെതിരേയുള്ള കളിയില്‍ മികച്ച പ്രകടനം ബോളണ്ട് കാഴ്ച വെച്ചുവെങ്കിലും ഒരു വിക്കറ്റിന് സൗത്ത് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബോളണ്ട് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത് 2013-14 സീസണിലായിരുന്നു. ഇതേ സീസണില്‍ നടന്ന റോയ്ബി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബോളണ്ടിന് നിര്‍ണായകമായി. ആറ് മാച്ചുകളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകള്‍ സ്വന്തമാക്കി ബോളണ്ട് ഫാസ്റ്റ് ബൗളര്‍ എന്ന ലേബല്‍ സ്വന്തമാക്കി. ഇതേ സീസണില്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള മത്സരത്തില്‍ വിജയം നേടുന്നതില്‍ ബോളണ്ടിന്റെ ബൗളിങ് പ്രധാന പങ്ക് വഹിച്ചു. തുടര്‍ന്നുള്ള സീസണില്‍ വിക്ടോറിയയുടെ പ്രധാന കളിക്കാരനായി ബോളണ്ട് മാറി.

ബോളണ്ടിന്റെ മികച്ച പ്രകടനം വിക്ടോറിയന്‍ ടീമിന് നാല് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം നേടി കൊടുത്തു. സംസ്ഥാന തലത്തിലും അന്തര്‍ദേശീയ തലത്തിലും ബോളണ്ടിന്റെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചത് 2015-16 സീസണ്‍ ആണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ്ക്ക് എതിരേയുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനം നാഷണല്‍ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഓസ്‌ട്രേലിയയുടെ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ബോളണ്ടിനെയും ഉള്‍പ്പെടുത്തി. 

2016 ല്‍ ഇന്ത്യക്കെതിരെയുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്ട്രലിയന്‍ ടീമില്‍ ബോളണ്ട് ഉള്‍പ്പെട്ടു. എന്നാല്‍ ഈ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. കളിച്ച രണ്ടു മത്സരങ്ങളിലും എടുത്തു പറയത്തക്ക വിക്കറ്റുകളും കുറവായിരുന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തമ്മിലുള്ള ത്രിദിന പരമ്പരയില്‍ ജോണ്‍ ഹേസ്റ്റിംഗ്‌സിന് പകരക്കാരനായി ബോളണ്ട് ഉള്‍പ്പെട്ടു. പിന്നീടങ്ങോട്ടുള്ള ബോളണ്ടിന്റെ കരിയര്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരുന്നു. 

പലപ്പോഴും പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള ബോളണ്ട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരമാണ് ബോളണ്ട് എത്തിയത്. തുടര്‍ന്നങ്ങോട്ട് ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ചാരമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മെല്‍ബണില്‍ വെച്ചായിരുന്നു മൂന്നാം ടെസ്റ്റ് നടന്നത്. ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ബോളണ്ട് കാഴ്ച വെച്ചത്. 

ഇതിന് മുമ്പ് ഓസ്ട്രേലിയ്ക്ക് വേണ്ടിയൊരു ഏകദിനം മാത്രമാണ് സ്‌കോട്ട് കളിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം അത്രയും തഴക്കവും പഴക്കവും വന്ന പോലുള്ള പ്രകടനമാണ് ആഷസില്‍ അദ്ദേഹം പുറത്തെടുത്തത്. ആഷസ് പരമ്പരയിലൂടെയായിരുന്നു ബോളണ്ടിന്റെ ആദ്യ ടെസ്റ്റ് അരങ്ങേറ്റം. ഓസ്ട്രേലിയന്‍ ആദിമ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്ററാണ് 32 കാരനായി ബോളണ്ട്. മത്സരത്തിലെ മികച്ച താരം സ്‌കോട്ട് ബോളണ്ട് തന്നെയായിരുന്നു. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഒരിന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ താരമെന്ന റെക്കോഡും ബോളണ്ടിന് സ്വന്തമായി.

Content Highlights: Life story of new australian pace bowler Scott Boland