കൊല്‍ക്കത്ത: മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരുത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

പന്ത് ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്റ്റേഡിയത്തിലെ ആളുകള്‍ ധോനിയുടെ പേര് വിളിച്ച് കളിയാക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി കോലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ആ കളിയാക്കലുകളെല്ലാം കേള്‍ക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.

''കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നു കരുതും. എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോനിമാരെ ലഭിക്കില്ല. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം'', ഗാംഗുലി പറഞ്ഞു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Let Rishabh Pant Go Through MS Dhoni Chants Sourav Ganguly