പന്തിലേക്ക് ചുംബനങ്ങള്‍ കെട്ടഴിച്ചുവിട്ടിരുന്ന ആ സ്വര്‍ണത്തലമുടിക്കാരന്‍


അഭിനാഥ് തിരുവലത്ത്

ലസിത് മലിംഗ | Photo : AFP

തുകല്‍പന്ത് കൈയിലേക്കെത്തിക്കഴിഞ്ഞാല്‍ ബാറ്റ്‌സ്മാന്റെ കാലിനും ബാറ്റിനും ഇടയിലെ ബ്ലോക്ക് ഹോള്‍ എന്ന ഇടം മാത്രമാകും അയാളുടെ ലക്ഷ്യം.

അല്‍പം ദൈര്‍ഘ്യമേറിയതാണ് അയാളുടെ റണ്ണപ്പിനുള്ള ഒരുക്കം. ബാറ്റ്‌സ്മാന്‍മാര്‍ ഗാര്‍ഡ് എടുക്കുന്ന സമയം, തെല്ല് അലസതയോടെ മൈതാനത്തെ തന്റെ ബൗളിങ് മാര്‍ക്കിലേക്ക് ചുണ്ടില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ചെറു പുഞ്ചിരിയുമായി പതിയെ നടന്നെത്തി, തിരിഞ്ഞ് കൈയിലെ പന്തിനെ ചുംബിച്ചാണ് അയാളുടെ റണ്ണപ്പ് ആരംഭിക്കുക. ഒരു ജോഗില്‍ തുടങ്ങി പതിയെ വേഗത കൈവരിച്ച് തന്റെ നീണ്ട് ചുരുണ്ട സ്വര്‍ണ തലമുടി കാറ്റിന്റെ താളത്തിലാട്ടി ബൗളിങ് ക്രീസിലെത്തുമ്പോഴേക്കും അയാളുടെ കൈയിലെ പന്തിന് ഒരു തോക്കില്‍ നിന്ന് വീര്‍പ്പുമുട്ടിപ്പായുന്ന ഒരു വെടിയുണ്ടയുടെ വേഗത കൈവന്നിരിക്കും.

പലപ്പോഴും 140 കി.മീ ഏറെ വേഗത്തില്‍ ബ്ലാക്ക്‌ഹോള്‍ ലക്ഷ്യമാക്കിയെത്തുന്ന ആ വെടിയുണ്ടകളെ നേരിടാന്‍ ബാറ്റ്‌സ്മാന് തന്റെ കൈയിലെ വില്ലോത്തടി പോരാതെ വരും. സ്റ്റമ്പുകളെ പോലും തകര്‍ത്തുകളയുന്ന തരത്തിലായിരിക്കും ആ പന്തിന്റെ വരവ്. ആ വെടിയുണ്ടകള്‍ ഉതിര്‍ത്തിരുന്ന താരത്തിന്റെ പേര് സെപരമധു ലസിത് മലിംഗ, മരതക ദ്വീപുകാരുടെ സ്വന്തം സ്ലിംഗ മലിംഗ.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാള്‍. സ്വിങ്ങിങ് യോര്‍ക്കറുകളുടെയും ബാറ്റ്‌സ്മാന്റെ നില തെറ്റിക്കാന്‍ പോന്ന സ്ലോ കട്ടറുകളുടെയും അമരക്കാരന്‍. അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് ഈ സിംഹള വീര്യത്തിന്.

കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, സനത് ജയസൂര്യ, തിലക്‌രത്‌നെ ദില്‍ഷന്‍, മുത്തയ്യ മുരളീധരന്‍ എന്നിവരടങ്ങിയ ലങ്കയുടെ സുവര്‍ണ കാലഘട്ടത്തിന്റെ പ്രതിനിധി.

തന്റെ സ്വതസിദ്ധമായ അണ്‍ഓര്‍ത്തഡോക്‌സ് ആക്ഷനൊപ്പം വായുവില്‍ സ്വിങ് ചെയ്യുന്ന പന്തുകളാണ് മലിംഗയെ എക്കാലത്തും അപകടകാരിയാക്കിയിരുന്നത്.

ആര്‍ത്തിയോടെ ഓരോ മത്സരങ്ങളും ലൈവായും പിന്നീട് അതിന്റെ ഹൈലൈറ്റ്‌സും കാണുമ്പോള്‍ ആവേശം കൊള്ളിച്ചിരുന്ന പേരുകളാണ് ലസിത് മലിംഗ, ഡെയ്ല്‍ സ്റ്റെയ്ന്‍, ജിമ്മി ആന്‍ഡേഴ്‌സന്‍ എന്നിവരുടേത്. പിച്ചിലുറപ്പിച്ചിട്ടുള്ള സ്റ്റമ്പുമായി പറക്കുന്ന ഇവരുടെയും പന്തുകള്‍ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഭേദമന്യേ കണ്ടാസ്വദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ടുപേര്‍ ആ 22 വാര ദൂരത്തോട് വിടപറഞ്ഞിരിക്കുകയാണ്. ആ ഓര്‍മകളുമായി ഇനി ബാക്കിയുള്ളത് ആന്‍ഡേഴ്‌സന്‍ മാത്രം.

ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറുള്ള ഒരു തീരദേശ ഗ്രാമമാണ് രത്ഗമ. ഗാളില്‍ നിന്ന് 12 കി.മീ മാത്രം ദൂരം. കടുത്ത ക്രിക്കറ്റ് ഭ്രാന്തന്‍മാരുള്ള ഈ സ്ഥലമാണ് മലിംഗയെന്ന ക്രിക്കറ്റ് താരത്തിന്റെ ഉദയത്തിന് വേദിയായത്. മലിംഗയുടെ അച്ഛന്‍ സെപരമധു മില്‍ട്ടണ്‍, ഗാള്‍ ഡിപ്പോയിലെ ഒരു ബസ് മെക്കാനിക്കായിരുന്നു.

മണലില്‍ മടല്‍ ബാറ്റും ടെന്നീസ് പന്തും ഉപയോഗിച്ചായിരുന്നു രത്ഗമയിലെ കുട്ടികളുടെ ക്രിക്കറ്റ് കളി. കടലിനടുത്തായതിനാല്‍ തന്നെ സാധാരണ ഹൈ ആം ആക്ഷനിലെറിയുന്ന ഒരു പന്ത് കാറ്റ് കാരണം വായുവില്‍ തന്നെ സ്വിങ് ചെയ്യും. ഇക്കാരണത്താല്‍ പന്ത് പലപ്പോഴും വൈഡായിപ്പോകാറാണ് പതിവ്. കുട്ടിക്കാലത്ത് കളിക്കുമ്പോള്‍ കാറ്റ് ഉണ്ടാക്കുന്ന ഈ പ്രതിസന്ധി മറികടക്കാനാണ് മലിംഗ തന്റെ അണ്‍യൂഷ്വല്‍ റൗണ്ട് ആം ആക്ഷന്‍ വികസിപ്പിച്ചെടുത്തത്.

13 വയസ് മുതല്‍ തന്നെ നാട്ടിലെ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമായിരുന്നു മലിംഗ. 17-ാം വയസിലാണ് അദ്ദേഹത്തിന്റെ കൈയിലേക്ക് ആദ്യമായി തുകലിന്റെ മണമുള്ള ആ ഹാര്‍ഡ് ബോള്‍ എത്തുന്നത്. വിദ്യാലോക കോളേജിന് വേണ്ടി തുകല്‍ പന്തുപയോഗിച്ചുള്ള തന്റെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ ആറു വിക്കറ്റുകളുമായി ആ കൗമാരക്കാരന്‍ തിളങ്ങി. ആ മത്സരത്തില്‍ അമ്പയറായി ഉണ്ടായിരുന്നത് ഗാളിലെ പ്രസിദ്ധമായ മഹിന്ദ കോളേജ് പ്രിന്‍സിപ്പാളായിരുന്നു. അടുത്ത ദിവസം തന്നെ മലിംഗയെ നേരിട്ട് കണ്ട അദ്ദേഹം താരത്തെ മഹിന്ദ കോളേജിലേക്ക് ക്ഷണിച്ചു.

മലിംഗയുടെ തലവര തെളിഞ്ഞത് അതോടെയാണ്. മഹിന്ദയില്‍ ചേരും മുമ്പ് മലിംഗ മുന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളിങ് കോച്ച് ചമ്പക രാമനായകെയുടെ കീഴില്‍ മൂന്ന് മാസത്തോളം പരിശീലനത്തിലേര്‍പ്പെട്ടു. അക്കാലത്ത് ഗാള്‍ ക്രിക്കറ്റ് ക്ലബ്ബില്‍ കോച്ചായും കളിക്കാരനായും ഡബിള്‍ റോളിലായിരുന്നു രാമനായകെ. ഒരിക്കല്‍ മത്സരത്തിനു മുമ്പ് കഴുത്ത് ഉളുക്കിയത് കാരണം തനിക്ക് പകരം ടീമിലിറങ്ങാന്‍ അദ്ദേഹം മലിംഗയോട് ആവശ്യപ്പെട്ടു. ആ അവസരം ശരിക്ക് ഉപയോഗിച്ച മലിംഗ എട്ടു വിക്കറ്റുകളാണ് മത്സരത്തില്‍ വീഴ്ത്തിയത്.

എന്നാല്‍ ഗാള്‍ ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ച് മലിംഗയുടെ റൗണ്ട് ആം ആക്ഷന്‍ കുറച്ച് അപ്‌റൈറ്റാക്കാന്‍ രാമനായകെ ശ്രമം നടത്തി. പക്ഷേ പന്തിന്റെ വേഗത കുറയുന്നതിലേക്കും കൃത്യത നഷ്ടപ്പെടുന്നതിലേക്കുമാണ് മലിംഗയെ ഈ മാറ്റം നയിച്ചത്. അപകടം മണത്ത അദ്ദേഹം വൈകാതെ തന്നെ തന്റെ നാച്ചുറല്‍ ആക്ഷനിലേക്ക് തിരികെയെത്തി.

പിന്നീട് 2001-ല്‍ തന്റെ 18-ാം വയസിലാണ് മലിംഗ ശ്രീലങ്കന്‍ ടീമിന്റെ നെറ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ വേഗവും ആക്ഷനും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്ന മലിംഗയെ കുറിച്ച് കേട്ട അന്നത്തെ ടീം അംഗങ്ങളില്‍ പലരും നെറ്റ്‌സില്‍ അദ്ദേഹത്തെ നേരിടാന്‍ വിമുഖത കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത് അന്നത്തെ ലങ്കന്‍ ടീം മാനേജര്‍ അജിത് ജയശേഖരയായിരുന്നു. പരിക്കേല്‍ക്കുമെന്ന പേടിയായിരുന്നു അവരില്‍ പലര്‍ക്കും. അന്ന് മലിംഗയെ നേരിടാന്‍ ഭയന്നവരില്‍ സാക്ഷാല്‍ അരവിന്ദ ഡിസില്‍വ പോലും ഉണ്ടായിരുന്നു.

അക്കാലത്ത് അധികം വേരിയേഷനുകളൊന്നും മലിംഗ പയറ്റില്ലായിരുന്നു. തന്റെ റൗണ്ട് ആം ആക്ഷനിലൂടെ ബാറ്റ്‌സ്മാന്റെ കാലിനും ബാറ്റിനും ഇടയിലുള്ള സ്ഥലം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ മിക്ക പന്തുകളും. ആ പന്തുകള്‍ തന്നെയാണ് അദ്ദേഹത്തെ അപകടകാരിയാക്കിയതും.

അങ്ങനെ 2004 ജൂലായ് ഒന്നിന് ഓസ്‌ട്രേലിയക്കെതിരേ മരാര ഓവലില്‍ മലിംഗയുടെ കൈയിലേക്ക് ചുവന്ന തുകല്‍പ്പന്ത് ആദ്യമായെത്തി. മത്സരം അവസാനിച്ചപ്പോഴേക്കും ലസിത് മലിംഗ എന്ന പേര് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഡാരന്‍ ലേമാനെ രണ്ടു തവണയും ഗില്‍ക്രിസ്റ്റ്, ഡാമിയന്‍ മാര്‍ട്ടിന്‍, ഷയ്ന്‍ വോണ്‍, മൈക്കല്‍ കാസ്പറോവിച്ച് എന്നിവരെ ഓരോ തവണ വീതവും ആ ടെസ്റ്റില്‍ മലിംഗ മടക്കി.

ഓസീസ് ഡ്രസ്സിങ് റൂമിലടക്കം ഈ പേസറെ കുറിച്ച് വലിയ ചര്‍ച്ച നടന്നു. മലിംഗയുടെ പ്രകടനത്തില്‍ മതിപ്പ് തോന്നിയ ഗില്‍ക്രിസ്റ്റ് ആ മത്സരത്തിനു ശേഷം മാച്ച് സ്റ്റമ്പുകളിലൊന്ന് ലങ്കന്‍ ഡ്രസ്സിങ് റൂമിലെത്തി മലിംഗയ്ക്ക് സമ്മാനിച്ചു.

പിന്നീട് നടന്ന ന്യൂസീലന്‍ഡ് ടൂറിലാണ് മലിംഗ ശരിക്കും ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. അദ്ദേഹത്തിന്റെ പന്തുകള്‍ മനസിലാക്കാന്‍ കിവി ബാറ്റ്‌സ്മാന്‍മാര്‍ നന്നേ ബുദ്ധിമുട്ടി. മലിംഗയുടെ കൈയില്‍ നിന്നുള്ള പന്തിന്റെ റിലീസ് കാണാന്‍ സാധിക്കാത്തതിനാല്‍ കിവി ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് അമ്പയറോട് അദ്ദേഹത്തിന്റെ ബെല്‍റ്റും ടൈയും ലൈറ്റ് കളറാക്കാന്‍ ആവശ്യപ്പെടുക പോലും ഉണ്ടായി.

സ്ഥിരമായി 140-150 കി.മീ വേഗതയില്‍ പന്തെറിഞ്ഞിരുന്ന മലിംഗ ലങ്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലിംഗ തന്റെ ട്രേഡ് മാര്‍ക്കായ ചുരുണ്ട സ്വര്‍ണ തലമുടിയിലേക്ക് മാറുന്നത്. വേഗം 130-140 ആയി അദ്ദേഹം അപ്പോള്‍ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കൃത്യതയില്‍ യാതൊരു കോംപ്രമൈസും ഉണ്ടായിരുന്നില്ല. സ്ലോ ഓഫ് കട്ടറുകള്‍ മലിംഗ ഡെവലപ്പ് ചെയ്‌തെടുത്തത് ഇക്കാലത്തായിരുന്നു.

2007-ലെ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ മലിംഗ താരമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ലങ്കയുടെ ഒരു മത്സരം പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് 32 പന്തില്‍ നിന്ന് ജയിക്കാന്‍ വെറും നാലു റണ്‍സ് മാത്രം വേണമെന്നിരിക്കെ ഒരു മലിംഗ മാജിക്ക് അരങ്ങേറി. ഒരു സ്ലോ യോര്‍ക്കറില്‍ പൊള്ളോക്കിനെ മടക്കിയ മലിംഗ അടുത്ത പന്തില്‍ ആന്‍ഡ്രു ഹാളിനെ കവറിലെ ഫീല്‍ഡറുടെ കൈയിലെത്തിച്ചു. നിലയുറപ്പിച്ചിരുന്ന ജാക്ക് കാലിസിനെ പുറത്താക്കി മലിംഗ ഹാട്രിക്ക് തികച്ചു. തീര്‍ന്നില്ല തൊട്ടടുത്ത പന്തില്‍ മഖായ എന്‍ടിനിയും പുറത്ത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബൗളര്‍ നാലു പന്തില്‍ നാലു വിക്കറ്റ് നേടുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. എങ്കിലും ആ മത്സരം ലങ്ക തോറ്റു. 10 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റിന്റെ ജയവുമായി പ്രോട്ടീസ് തടിതപ്പി. ടെന്‍ഷനടിച്ച് പണ്ടാരമടങ്ങിയെന്നാണ് ഗ്രെയിം സ്മിത്ത് ആ മത്സരത്തെ കുറിച്ച് പിന്നീട് പ്രതികരിച്ചത്. ലോകകപ്പ് ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം ഹാട്രിക്ക് പ്രകടനമായിരുന്നു അത്. ഏകദിന ചരിത്രത്തിലെ 24-ാമത്തേതും. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ മലിംഗ ലങ്കയെ ഫൈനലിലുമെത്തിച്ചു. എന്നാല്‍ ഓസീസിന്റെ കരുത്തിനു മുന്നില്‍ കലാശപ്പോരില്‍ ലങ്കയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

പിന്നീട് 2011 ലോകകപ്പില്‍ കെനിയക്കെതിരെയും മലിംഗ ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ചു. ഇതോടെ രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. അതേവര്‍ഷം ഓസീസിനെതിരേ നടന്ന ഏകദിനത്തിലും അദ്ദേഹം ഹാട്രിക്ക് നേടി. ഇതോടെ ഏകദിന ചരിത്രത്തില്‍ മൂന്ന് ഹാട്രിക്ക് നേടുന്ന ഏക താരമെന്ന നേട്ടവും മലിംഗയ്ക്ക് സ്വന്തമായി.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടിയ സ്‌പെല്‍ മലിംഗയുടേതായിരുന്നു. 275 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയതായിരുന്നു ഇന്ത്യ. രണ്ടാം പന്തില്‍ തന്നെ സെവാഗിനെ മടക്കി മലിംഗ ആദ്യ വെടി പൊട്ടിച്ചു. ഏഴാം ഓവറില്‍ സച്ചിനും പുറത്ത്. ഇന്ത്യന്‍ ഡ്രസ്സിങ് റൂം വിറച്ച് പോയ ആ സ്‌പെല്ലിന് മലിംഗയ്ക്ക് പിന്തുണ നല്‍കാന്‍ ആരും ഉണ്ടാകാതിരുന്നത് ലങ്കയ്ക്ക് തിരിച്ചടിയായി.

2014-ലെ ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ലങ്കന്‍ ടീമിന്റെ നായകസ്ഥാനം ബോര്‍ഡ് ഏല്‍പ്പിച്ചത് മലിംഗയുടെ ചുമലിലായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടവുമായാണ് ലങ്കന്‍ ടീം നാട്ടില്‍ മടങ്ങിയെത്തിയത്.

ഇതിനിടെ കാല്‍മുട്ടിനേറ്റ പരിക്കുകളും ശസ്ത്രക്രിയകളും താരത്തെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. 2011 ഏപ്രില്‍ 22-ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

2016-ലെ ട്വന്റി 20 ലോകകപ്പിലും മലിംഗയെ ക്യാപ്റ്റനായി ബോര്‍ഡ് നിയമിച്ചെങ്കിലും പരിക്ക് കാരണം ആ ടൂര്‍ണമെന്റ് തന്നെ താരത്തിന് നഷ്ടമായി. പിന്നീട് പലപ്പോഴും പരിക്ക് കാരണം അദ്ദേഹം ടീമിലേക്ക് വന്നും പോയുമിരുന്നു. 2016-ന് ശേഷം ഒരു വര്‍ഷത്തോളം മലിംഗയ്ക്ക് മത്സരങ്ങള്‍ നഷ്ടമായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും പരിക്കുകള്‍ അദ്ദേഹത്തിന്റെ പന്തുകളുടെ മൂര്‍ച്ച കെടുത്തിയിരുന്നു.

പിന്നീട് 2019-ല്‍ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി മലിംഗ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇതില്‍ കോളിന്‍ മണ്‍റോയുടെ വിക്കറ്റ് വീഴ്ത്തിയ താരം ട്വന്റി 20-യില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. തൊട്ടടുത്ത പന്തുകളില്‍ റുഥര്‍ഫോര്‍ഡിനെയും ഗ്രാന്ദോമിനെയും മടക്കി ഹാട്രിക്ക് തികച്ച മലിംഗ ട്വന്റി 20-യിലെ തന്റെ രണ്ടാം ഹാട്രിക്ക് നേട്ടവും കരിയറിലെ അഞ്ചാം ഹാട്രിക്കും സ്വന്തമാക്കി. അടുത്ത പന്തില്‍ റോസ് ടെയ്‌ലറെയും മടക്കിയ മലിംഗ, താന്‍ 2007-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം വീണ്ടും ആവര്‍ത്തിച്ചു.

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് മലിംഗ പടിയിറങ്ങുന്നത്. മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളര്‍ മലിംഗയാണ്. ട്വന്റി 20-യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറും.

ഏകദിനത്തില്‍ മൂന്ന് ഹാട്രിക് നേട്ടമുള്ള ഏക താരം. രണ്ട് ലോകകപ്പുകളില്‍ (2007, 2011) ഹാട്രിക് നേടിയ ഏക താരം. രാജ്യാന്തര കരിയറില്‍ അഞ്ച് ഹാട്രിക് നേട്ടമുള്ള ഏക താരം തുടങ്ങിയ നേട്ടങ്ങളെല്ലാം മലിംഗയ്ക്ക് മാത്രം സ്വന്തം.

സ്റ്റമ്പുകള്‍ കടപുഴകിപ്പോകുന്ന ഒരു പന്ത് സമ്മാനിക്കുന്ന പുഞ്ചിരി തന്നെയാണ് ഒരു ബൗണ്ടറി വഴങ്ങിയാലും ആ മുഖത്ത് വിരിയുക. ഇന്ത്യയുടെ താരോദയമായി വിരാട് കോലി ഉദിച്ചുയരുന്ന 2012-ല്‍ അദ്ദേഹം മലിംഗയുടെ ഒരു ഓവറില്‍ അഞ്ച് പന്തുകളും ബൗണ്ടറിയിലെത്തിച്ചിട്ടുണ്ട്. പല ബൗളര്‍മാരും ഫ്രസ്‌ട്രേറ്റഡാകുന്ന ആ ഘട്ടത്തില്‍ പോലും തന്റെ സ്വതസിദ്ധമായ ചിരി മലിംഗ ആ മുഖത്ത് കാത്ത് സൂക്ഷിച്ചിരുന്നു.

Content Highlights: Lasith Malinga announced retirement from all forms of cricket-story

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented