ദുബായ്: ഐ.സി.സിയുടെ സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി നേപ്പാള്‍ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ. ബംഗ്ലാദേശിന്റെ നസും അഹമ്മദ്, അമേരിക്കയുടെ ബാറ്റര്‍ ജസ്‌കരണ്‍ മല്‍ഹോത്ര എന്നിവരെ മറികടന്നാണ് സന്ദീപ് മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി എല്ലാ മാസവും മികച്ച ക്രിക്കറ്റ് താരത്തിനെ തിരഞ്ഞെടുക്കാറുണ്ട്. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സന്ദീപ് പുരസ്‌കാരത്തിനര്‍ഹനായത്. ആറ് ഏകദിനങ്ങളില്‍ നിന്നായി 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സന്ദീപ് രണ്ടാം മത്സരത്തില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റുകള്‍ നേടി. ഒമാനെതിരായ മത്സരത്തില്‍ 18 റണ്‍സിന് നാലുവിക്കറ്റാണ് താരം വീഴ്ത്തിയത്. 

മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ട് നായിക ഹീത്തര്‍ നൈറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ തന്നെ ചാര്‍ളി ഡീന്‍, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ എന്നീ താരങ്ങളെ മറികടന്നാണ് നൈറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. 

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബാറ്ററായ നൈറ്റിന് തുണയായത്. പരമ്പരയില്‍ 42.80 ശരാശരിയില്‍ 214 റണ്‍സും മൂന്ന് വിക്കറ്റും നേടിക്കൊണ്ട് ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തില്‍ നൈറ്റ് നിര്‍ണായക പങ്ക് വഹിച്ചു.  അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ന്യസീലന്‍ഡിനെ 4-1 ന് പരാജയപ്പെടുത്തി. 

Content Highlights: Lamichhane and Knight voted ICC Players of the Month for September