ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ നടക്കാതായതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വരുമാനയിനത്തില്‍ നഷ്ടമായത് 90 ദശലക്ഷം ഡോളര്‍ (ഏകദേശം 700 കോടി രൂപ) എന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയുമായുള്ള പരമ്പരകള്‍ നടക്കാതെ വന്നതോടെ പാകിസ്താന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടിവി സംപ്രേക്ഷണ വരുമാനത്തിലാണ് ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ 2008-ന് ശേഷം ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരകള്‍ നടന്നിട്ടില്ല.
149 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1140 കോടിരൂപ) സംപ്രേക്ഷണ കരാറാണ് പി.സി.ബിയുമായുള്ള ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യയുമായുള്ള പരമ്പര നിര്‍ബന്ധമാണെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ കരാര്‍ പ്രകാരം നടക്കേണ്ടിയിരുന്ന രണ്ട് പരമ്പരകള്‍ പാകിസ്താന് കളിക്കാനായില്ല. ഇതോടെ ബ്രോഡ്കാസ്റ്റര്‍മാരായ ടെന്‍ സ്‌പോര്‍ട്‌സും പിടിവിയും കരാര്‍ പ്രകാരം പി.സി.ബിക്ക് നല്‍കേണ്ടിയിരുന്ന തുകയില്‍നിന്ന് 90 ദശലക്ഷം ഡോളര്‍ (ഏകദേശം 700 കോടി രൂപ) കുറച്ചാണ് നല്‍കിയത്.
2008-ന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും തമ്മില്‍ മത്സരിച്ചിട്ടുള്ളത്.
Content Highlights: Lack of bilateral cricket against India PCB losing 90 million USD