Photo: AP
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഓസ്ട്രേലിയയുടെ മാര്‍നസ് ലബുഷെയ്ന്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ മറികടന്നാണ് ലബുഷെയ്ന് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആഷസ് ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ലബുഷെയ്നിന് തുണയായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ലബുഷെയ്ന് രണ്ടാം ഇന്നിങ്സില്‍ 51 റണ്‍സെടുത്തു. മത്സരത്തില്‍ ഓസീസ് വിജയിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ലബുഷെയ്ന് 74 റണ്‍സെടുത്തിരുന്നു.
912 പോയന്റാണ് ലബുഷെയ്നിനുള്ളത്. 897 പോയന്റുള്ള റൂട്ട് രണ്ടാമതും 884 പോയന്റുള്ള സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ 900 പോയന്റിലധികം നേടുന്ന ഒന്‍പതാമത്തെ ഓസീസ് താരമാണ് ലബുഷെയ്ന്. ആദ്യ പത്തില്‍ രോഹിത് ശര്‍മ അഞ്ചാമതും വിരാട് കോലി ഏഴാമതും നില്ക്കുന്നു.
ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാകിസ്താന് നായകന് ബാബര്‍ അസം ഒന്നാമതെത്തി. 805 പോയന്റുമായി ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബാബര്‍. പാകിസ്താന്റെ മുഹമ്മദ് റിസ്വാന് രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം മൂന്നാമതും നില്ക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള കെ.എല്‍.രാഹുല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍.
Content Highlights: Labuschagne dethrones Joe Root to claim top spot in ICC Test Player Rankings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..