ക്രൈസ്റ്റ്ചർച്ച്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ രണ്ടിന്നിങ്സിലും പുറത്താക്കി ന്യൂസിലൻഡ് പേസ് ബൗളർ കെയ്ൽ ജമെയ്സൺ തിളങ്ങിയിരുന്നു. കിവീസിന്റെ വിജയത്തിൽ ജമെയ്സന്റെ ബൗളിങ് നിർണായകമായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ ഇന്ത്യൻ ആരാധകർ ജമെയ്സണിനെതിരേ തിരിഞ്ഞു. ഐപിഎല്ലിനിടെ നെറ്റ്സിൽ ഡ്യൂക്ക് ബോളിൽ പന്തെറിഞ്ഞു തരാനുള്ള വിരാട് കോലിയുടെ ആവശ്യം ന്യൂസീലൻഡ് പേസ് ബൗളർ ജമെയ്സൺ നിരസിച്ചിരുന്നെന്നും അദ്ദേഹത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ നിന്ന് പുറത്താക്കണമെന്നും ആരാധകർ ട്വീറ്റ് ചെയ്തു.

ഇതിനെല്ലാം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജമെയ്സൺ. തനിക്ക് ബൗൾ ചെയ്തുനൽകണം എന്ന തരത്തിൽ കോലി തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്നും വേണമെങ്കിൽ പരിശീലനം നടത്താം എന്നുമാണ് പറഞ്ഞിരുന്നതെന്നും ജമെയ്സൺ പറയുന്നു. 'ഗൗരവുമുള്ള രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. ഇനി പരോക്ഷമായി എന്നോട് എന്തെങ്കിലും പറയാൻ ശ്രമിച്ചിരുന്നോ എന്ന് എനിക്കറിയില്ല. ഇക്കാര്യം കോലിയാണ് വ്യക്തമാക്കേണ്ടത്'- ജമെയ്സൺ പറയുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടിന്നിങ്സിലുമായി ഏഴു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഫൈനലിലെ താരവും ജമെയ്സൺ തന്നെയായിരുന്നു.

Content Highlights: Kyle Jamieson reveals the real story about what happened with Virat Kohli at RCB