സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ന്യൂസീലന്റ് പേസ് ബൗളർ കെയ്ൽ ജമെയ്സൺന്റെ വിക്കറ്റാഘോഷം. മൂന്നാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റേയും വിക്കറ്റുകൾ വീഴ്ത്തി ജമെയ്സൺ 80 വർഷത്തോളം പഴക്കമുള്ള റെക്കോഡ് തകർത്തു. ഇതോടെ ട്വിറ്ററിൽ ജമെയ്സണെ വാഴ്ത്തി ട്വീറ്റുകൾ നിറഞ്ഞു.

ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ കോലിയെ കിവീസ് പേസർ തിരിച്ചയച്ചു. ജമെയ്സൺ എറിഞ്ഞ പന്ത് കോലിയുടെ ഫ്രണ്ട് പാഡിൽ തട്ടി ബാക്ക് ലെഗിലെത്തി. എൽബിഡബ്ല്യുവിനായി വിരൽ ഉയർത്തുന്നതിന് അമ്പയർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കോലി റിവ്യൂ എടുത്തതുമില്ല. അർധ സെഞ്ചുറി പൂർത്തിയാക്കാതെ മടക്കം.

ആറു ഓവറിന് ശേഷം ഋഷഭ് പന്തും ക്രീസ് വിട്ടു. ജമെയ്സൺന്റെ പന്തിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ കൈകളിലെത്തി. 22 പന്തിൽ നാല് റൺസായിരുന്നു ഋഷഭിന്റെ സമ്പാദ്യം. ഇതോടെ ഈ ഉയരക്കാരൻ കിവി പേസറുടെ അക്കൗണ്ടിൽ 42 ടെസ്റ്റു വിക്കറ്റുകളെത്തി. ഒപ്പം 80 വർഷത്തോളം പഴക്കമുള്ള ഒരു റെക്കോഡും താരം തിരുത്തി.

കരിയറിലെ ആദ്യത്തെ എട്ടു ടെസ്റ്റ് മത്സരങ്ങൾക്കുശേഷം ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന കിവീസ് താരമെന്ന റെക്കോഡാണ് ജമെയ്സൺ സ്വന്തമാക്കിയത്. 1937-1949 കാലഘട്ടത്തിൽ ന്യൂസീലന്റിനായി കളിച്ച ജാക്ക് കൊവിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. 41 വിക്കറ്റാണ് ആദ്യ എട്ടു ടെസ്റ്റ് മത്സരങ്ങളിൽ ജാക്ക് കൊവി നേടിയത്. 38 വിക്കറ്റെടുത്ത ഷെയ്ൻ ബോണ്ടാണ് മൂന്നാമത

മത്സരത്തിൽ ജമെയ്സൺ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ടാം ദിനം രോഹിത് ശർമയെ പുറത്താക്കിയ ജമെയ്സൺ മൂന്നാം ദിനം കോലിയേയും പന്തിനേയും കൂടാതെ ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റുകൾ കൂടിയാണ് വീഴ്ത്തിയത്. ജമെയ്സൺന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.