കൊളംബോ: 2002 ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ശ്രീലങ്കൻ താരം റസ്സൽ അർനോൾഡും തമ്മിലുണ്ടായ വാക്കുതർക്കം ക്രിക്കറ്റ് ആരാധകർക്ക് ഇന്നും ഓർമയുണ്ടാകും. പിച്ചിലെ 'അപകടമേഖലയിലൂടെ' റസ്സൽ തുടർച്ചയായി ഓടിയതാണ് പ്രശ്നത്തിന് കാരണം. ഇതിനെതിരേ ഗാംഗുലി പ്രതികരിച്ചതോടെ രംഗം വഷളായി. അമ്പയർ ഇടപെടുന്നതിന് മുമ്പ് ഇരുവരും തമ്മിൽ വാക്പോരുണ്ടാകുകയും ചെയ്തു.

അന്ന് പ്രശ്നമുണ്ടാക്കരുതെന്ന് അഭ്യർഥിച്ച് ഗാംഗുലി ശ്രീലങ്കയുടെ ഡ്രസ്സിങ് റൂമിലെത്തിയിരുന്നുവെന്ന് ലങ്കയുടെ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര വെളിപ്പെടുത്തുന്നു. അന്ന് ലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു സംഗക്കാര. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന ചാറ്റ് ഷോയിലാണ് സംഗക്കാരയുടെ വെളിപ്പെടുത്തൽ.

'അന്ന് ഫൈനലിൽ റസ്സൽ അർനോൾഡും ദാദയും കോർത്ത സംഭവം എനിക്ക് ഓർമയുണ്ട്. അന്ന് മോശം പെരുമാറ്റത്തിന് അമ്പയർമാർ ഗാംഗുലിക്ക് അവസാന മുന്നറിയിപ്പും നൽകിയിരുന്നുവെന്നാണ് എന്റെ ഓർമ. അന്ന് മത്സരത്തിനൊടുവിൽ ദാദ ഞങ്ങളുടെ ഡ്രസ്സിങ് റൂമിൽ വന്ന് എല്ലാവരുമായി സംസാരിച്ചു. ഈ സംഭവം ഇതുപോലെ തുടർന്നാൽ തനിക്ക് സസ്പെൻഷൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേടിക്കേണ്ട, ലങ്കൻ ടീം ഇത് അത്ര വലിയ കാര്യമാക്കുന്നില്ല എന്നു പറഞ്ഞ് ഞങ്ങൾ ദാദയെ ആശ്വസിപ്പിച്ചു.' സംഗക്കാര പറയുന്നു. അന്നത്തെ ഇന്ത്യ-ശ്രീലങ്ക ഫൈനൽ മഴമൂലം തടസ്സപ്പെട്ടിരുന്നു. റിസർവ് ദിനത്തിലും മഴ പെയ്തതോടെ ഐ.സി.സി ഇരുടീമുകളേയും വിജയികളായി പ്രഖ്യാപിച്ചു.

ഗാംഗുലിയുമായുള്ള സൗഹൃദത്തെ കുറിച്ചും സംഗക്കാര ചാറ്റ് ഷോയിൽ മനസ്സുതുറന്നു. 'ദാദയെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. വർഷങ്ങളായുള്ള പരിചയംമൂലം എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ദാദ എന്നു വിളിക്കുന്നത് എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ്. ഗ്രൗണ്ടിൽ എത്ര മത്സരബുദ്ധിയോടെ പെരുമാറിയാലും ഗ്രൗണ്ടിന് പുറത്ത് അദ്ദേഹം ആരേയും ആകർഷിക്കുന്ന വ്യക്തിയായിരുന്നു.' സംഗക്കാര കൂട്ടിച്ചേർത്തു.

Content Highlights: Kumar Sangakkara, recalls incident regarding Sourav Ganguly