കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. യൂറോപ്പില്‍ നിന്ന് അടുത്തിടെ രാജ്യത്ത് തിരികെയെത്തിയവരെല്ലാം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഒരാഴ്ച മുമ്പാണ് സംഗക്കാര ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഐസൊലേഷനില്‍ തുടരണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. 

''എനിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ല, എന്നാല്‍ ഞാന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം ക്വാറന്റൈനില്‍ തുടരുകയാണ്. ലണ്ടനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഞാന്‍ മടങ്ങിയെത്തിയത്. എത്തി ആദ്യംകണ്ടത് മാര്‍ച്ച് ഒന്നിനും 15-നും ഇടയ്ക്ക് യാത്ര ചെയ്ത് എത്തിയവര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വയം ക്വാറന്റൈനില്‍ തുടരണമെന്നുമുള്ള വാര്‍ത്തയാണ്'', സംഗക്കാര പറഞ്ഞു.

അതേസമയം യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജേസണ്‍ ഗില്ലെസ്പിയും രണ്ടാഴ്ചത്തെ സ്വയം ക്വാറന്റൈനിലാണ്. കൗണ്ടി ക്ലബ്ബ് സസെക്‌സിന്റെ ഹെഡ് കോച്ചായ ഗില്ലെസ്പി കോവിഡ്-19 വ്യാപനത്തിന്റെ സമയത്ത് ടീമുമൊത്ത് കേപ് ടൗണിലായിരുന്നു.

Content Highlights: Kumar Sangakkara and Jason Gillespie self quarantine