കാൺപുർ: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ധരംശാലയിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഡേവിഡ് വാർണറുടെ വിക്കറ്റെടുത്ത് കുൽദീപ് അരങ്ങേറ്റം ഗംഭീരമാക്കി. അന്ന് ഇന്ത്യൻ ടീമിൽ ആദ്യമായി കളിക്കുന്നതിന്റെ എല്ലാ സമ്മർദവും തനിക്കുണ്ടായിരുന്നതെന്നും പേടിയോടെയാണ് ബൗൾ ചെയ്തതെന്നും കുൽദീപ് പറയുന്നു. ക്രിക്ക്ബസിന്റെ യുട്യൂബ് വീഡിയോ ചാറ്റിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്പിന്നർ.
'ഞാൻ വളരെ വൈകാരികമായാണ് ധരംശാലയിലെ ടെസ്റ്റ് അരങ്ങേറ്റത്തെ സമീപിച്ചത്. എങ്ങനെ നന്നായി കളിക്കും എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടെസ്റ്റിന്റെ തലേവദിവസം അനിൽ സർ എന്റെ അടുത്തുവന്നു. എന്നിട്ടു പറഞ്ഞു,' നീ നാളെ കളിക്കാനിറങ്ങുകയാണ്, അഞ്ച് വിക്കറ്റെങ്കിലും വീഴ്ത്തണം.' ആ സംഭാഷണം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഇതുകേട്ട് ഞാൻ ഒരു നിമിഷം നിശബ്ദനായി. എന്നിട്ടു പറഞ്ഞു.' ഓകെ സർ, ഞാൻ അഞ്ചു വിക്കറ്റെടുക്കും.'ശിവരാമകൃഷ്ണൻ സർ ആണ് എനിക്ക് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. അദ്ദേഹം എന്നെ ഉപദേശിക്കുകയും ചെയ്തു. പക്ഷേ അത് എന്തായിരുന്നെന്ന് എനിക്ക് ഇപ്പോൾ ഓർമയില്ല. ആ സമയത്ത് എന്റെ തലയിൽ ഒന്നും കയറാത്ത അവസ്ഥയായിരുന്നു. ഞാൻ ഭയങ്കര സമ്മർദ്ദത്തിലായിരുന്നു. പേടിയുമുണ്ടായിരുന്നു. ഇത്രയും വലിയ മത്സരത്തിൽ എന്റെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാണ് ഞാൻ ആലോചിച്ചിരുന്നത്.' കുൽദീപ് പറയുന്നു.
'ഉച്ചഭക്ഷണത്തിന് പിരിയുംമുമ്പ് നാല് ഓവറുകൾ ഞാൻ എറിഞ്ഞു. അതോടെ എനിക്ക് ആശ്വാസം തോന്നി. ഒരു രഞ്ജി ട്രോഫി മത്സരം പോലെ കളിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഡേവിഡ് വാർണറെ എങ്ങനെ പുറത്താക്കാം എന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചത്. എങ്ങനെ വാർണറെ നേരിടണം എന്നതിനെ കുറിച്ച് ഞാൻ ഒരു ധാരണയുണ്ടാക്കി. അതുപോലെ പന്ത് എറിഞ്ഞു. അതുതന്നെ ഗ്രൗണ്ടിലും സംഭവിച്ചു. വാർണർ പുറത്തായി. അത് എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണുകളെല്ലാം നിറഞ്ഞൊഴുകി.' കുൽദീപ് ഓർമകൾ പങ്കുവെയ്ക്കുന്നു.
ആ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കുൽദീപ് നാല് വിക്കറ്റെടുത്തു. പക്ഷേ രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും ലഭിച്ചില്ല. മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
Content Highlights: Kuldeep Yadav Test Debut Cricket Anil Kumble