Photo: AFP
ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അവസാന ഘട്ടങ്ങളില്‍ ഏകദിനത്തില്‍ എം.എസ് ധോനിയുടെ തുറുപ്പുചീട്ടായിരുന്നു ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും അടങ്ങിയ കുല്‍ച സഖ്യം. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുക്കാനും ധോനി വളരെ ഫലപ്രദമായി ഉപയോഗിച്ച ബൗളിങ് കോമ്പോ. എന്നാല്‍ ധോനി നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറി അധികം വൈകാതെ ഈ കുല്‍ച സഖ്യം ഇന്ത്യന്‍ ടീമിന്റെ റഡാറില്‍ നിന്നകന്നു. ടി20-യില്‍ പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ ചാഹലിനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് ഇടയ്ക്കിടെ ടീമില്‍ വന്നുംപോയുമിരുന്നു.
ചൈനാമാന്‍ സ്പിന്നര്‍ എന്ന ലേബല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബൗളിങ്ങിലെ വൈവിധ്യമില്ലായ്മയും മറുവശത്ത് അശ്വിന്‍, ചാഹല്‍ എന്നിവരുടെ സാന്നിധ്യവുമായിരുന്നു കുല്‍ദീപിന് വെല്ലുവിളി. ഐപിഎല്ലിലടക്കം ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ ദേശീയ കരിയര്‍ പോയിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പോലും ഇനിയൊരു അവസരം ഇല്ലെന്ന നിലയിലേക്കെത്തിയിരുന്നു കുല്‍ദീപ്. ഇടക്കാലത്ത് കൈക്കുഴയ്ക്ക് പരിക്കേറ്റതോടെ ഏതാണ്ട് പൂര്‍ണമായും താരം കളിക്കളത്തില്‍ നിന്നകന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി കുല്‍ദീപ് നടത്തിയ കഠിനപ്രയത്‌നം സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനായില്ല. 2023-ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ മടങ്ങിയെത്തിയ താരം തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.
വിന്‍ഡീസ് പര്യടനത്തിലെ പ്രകടനം ഏഷ്യാ കപ്പിനുള്ള ടീമിലേക്കും പിന്നാലെ ചാഹലിനെ മറികടന്ന് ലോകകപ്പ് ടീമിലേക്കും വരെ കുല്‍ദീപിന് വഴിയൊരുക്കി. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ അഞ്ചു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പിന്നാലെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കുല്‍ദീപിനെ തേടിയെത്തി. മോശം ഫോമിന്റെ പേരില്‍ കളിക്കളം പോലും അന്യമാകുമെന്ന ഘട്ടത്തില്‍ ബൗളിങ്ങില്‍ പരീക്ഷണങ്ങളിലൂടെ കൊണ്ടുവന്ന മാറ്റമാണ് ഇന്ന് കുല്‍ദീപിനെ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മുന്‍ ഇന്ത്യന്‍ താരവും ഇടംകൈയന്‍ സ്പിന്നറുമായ സുനില്‍ ജോഷിയുടെ പിന്തുണ കുല്‍ദീപിന്റെ മടങ്ങിവരവില്‍ നിര്‍ണായകമായിട്ടുണ്ട്. റണ്ണപ്പിലും പന്തിന്റെയും എറിയുമ്പോഴുള്ള കൈ, തോള്‍ എന്നിവയുടെ വേഗത്തിലും അദ്ദേഹം ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. അത് കുല്‍ദീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു.
Content Highlights: Kuldeep Yadav s triumphant return to the ODI set-up
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..