രാജ്കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ റെക്കോഡോടെ 100 വിക്കറ്റ് ക്ലബ്ബിലിടംനേടി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന സ്പിന്നറെന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

രാജ്‌കോട്ട് ഏകദിനത്തിനിടെ ഓസീസ് താരം അലെക്‌സ് ക്യാരിയെ പുറത്താക്കിയാണ് കുല്‍ദീപ് 100 വിക്കറ്റ് തികച്ചത്. തന്റെ 58-ാം ഏകദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 76 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡാണ് കുല്‍ദീപ് തിരുത്തിയത്. കൂടാതെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും നേട്ടവും ഇതോടെ കുല്‍ദീപിനെ തേടിയെത്തി. മുഹമ്മദ് ഷമി (56), ജസ്പ്രീത് ബുംറ എന്നിവരാണ് ഇക്കാര്യത്തില്‍ കുല്‍ദീപിന് മുന്നിലുള്ളത്. മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയ കുല്‍ദീപാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 

രാജ്യാന്തര തലത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ ബൗളര്‍ 52 മത്സരത്തില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാമത്.

Content Highlights: Kuldeep Yadav breaks Harbhajan Singh’s record